സൗദിയിൽ പഴം പച്ചക്കറി ഉൽപാദനത്തിന് എയറോപോണിക്സ്; ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കിലോഗ്രാം ഉൽപാദനം
|കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയും ഓട്ടോമഷനും ഉപയോഗിക്കും
റിയാദ്: പരമ്പരാഗത കൃഷി രീതികളിൽ നിന്നും വിത്യസ്തമായ നൂതന കാർഷിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്താൻ സൗദി അറേബ്യ. എയറോപോണിക്സ് സാങ്കേതിക വിദ്യയിൽ രാജ്യത്ത് കൃഷി ചെയ്യുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി പരിസ്ഥിതി ജല, കൃഷി മന്ത്രാലയം അറിയിച്ചു. സൗദി വാണിജ്യ കാർഷിക പദ്ധതിയിലൂടെയുള്ള ഉൽപാദന ശേഷി ഉയർത്തുന്നതിന്റെ ഭാഗമാണ് പുതിയ പദ്ധതി. പുതിയ സാങ്കേതി വിദ്യയിൽ ആദ്യ ഘട്ടത്തിൽ രണ്ടര ലക്ഷം കിലോഗ്രാം ഉൽപന്നങ്ങൾ വിളയിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള സാങ്കേതി വിദ്യ തയ്യാറായി കഴിഞ്ഞു. പദ്ധതിയിലൂടെ 95 ശതമാനം വരെ ജല ഉപഭോഗം ലാഭിക്കാൻ സാധിക്കും. കൂടാതെ കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയും ഓട്ടോമഷനും ഉപയോഗിക്കും. കൃഷിയുടെ മുഴുസമയ നിരീക്ഷണം സാധ്യമാകുന്നതോടൊപ്പം വർഷം മുഴുവനും സുസ്ഥിര ഉൽപാദനം ഉറപ്പാക്കാമെന്നതും ഇതിന്റെ നേട്ടങ്ങളാണ്. പുതിയ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ സംരഭമാണ് സൗദിയുടേത്.