ഹജ്ജിന് മുന്നോടിയായി മക്ക, മദീന നഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി
|ഇതുവരെ 4700 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു
റിയാദ്: ഹജ്ജിന് മുന്നോടിയായി മക്ക, മദീന നഗരങ്ങളിലെ ഹോട്ടലുകളിൽ പരിശോധനകൾ തുടരുന്നു. ഇതുവരെ 4700 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ഗുണനിലവാരം ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കാണ് പിഴ ഈടാക്കുന്നത്.
ഹോട്ടലുകളും, സർവീസ്ഡ് അപ്പാർട്ട്മെന്റുകളും കേന്ദ്രീ കരിച്ചാണ് പരിശോധനകൾ തുടരുന്നത്. ടുറിസം മന്ത്രി ബിൻ അഖീൽ അൽ ഖത്തീബിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ. സ്ഥാപങ്ങളുടെ ഗുണ നിലവാരം, ശുചിത്വം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. അറ്റകുറ്റ പണികൾ നടത്താതെയും, മതിയായ അനുമതികൾ ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപങ്ങൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.
തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ഹജ്ജ് കർമങ്ങൾ വേഗത്തിലും എളുപ്പത്തിലും തീർക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു. സേവനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനുമായി 930 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴിയും തീർത്ഥാടകർക്ക് വിവരങ്ങൾ ലഭ്യമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.