സാമ്പത്തിക തട്ടിപ്പുകൾ തടയുക ലക്ഷ്യം; സൗദിയിൽ സംയുക്ത ബാങ്കുകളുടെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
|ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക തട്ടിപ്പുകൾ തടയുക, തട്ടിപ്പുകൾ സ്ഥിരീകരിച്ച കേസുകൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് സെന്റർ പ്രവർത്തിക്കുക
ദമ്മാം: സൗദിയിൽ ബാങ്ക് തട്ടിപ്പുകൾ തടയുന്നതിനും കേസുകൾ ഏകോപിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ബാങ്കുകളുടെ സംയുക്ത കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ദേശീയ ബാങ്കിംഗ് ഏജൻസിയായ സാമയുടെ പിന്തുണയോട് കൂടിയാണ് കൺട്രോൾ സെന്റർ പ്രവർത്തിക്കുക. റിയാദിലാണ് ബാങ്കുകളുടെ സംയുക്ത കൺട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചത്.
സെൻട്രൽ ബാങ്ക് ഗവർണർ ഡോ. ഫഹദ് ബിൻ അബ്ദുല്ല അൽമുബാറക് ഉദ്ഘാടനം ചെയ്തു. ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുക, സാമ്പത്തിക തട്ടിപ്പുകൾ തടയുക, തട്ടിപ്പുകൾ സ്ഥിരീകരിച്ച കേസുകൾക്ക് പരിഹാരം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് സെന്റർ പ്രവർത്തിക്കുക. രാജ്യത്തെ മുഴുവൻ ബാങ്കുകളുടെയും കൂട്ടായ്മയിലാണ് പ്രവർത്തനം. സെന്റർ ബാങ്കുകളുടെ സ്ഥിരത വർധിപ്പിക്കുന്നതിനും പൊതുവിഷയങ്ങളിലെ സഹകരണം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് സാമ ഗവർണർ പറഞ്ഞു. ബാങ്കുകളുടെ ഇടപാടുകാരെ സംരക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും നടപടികളും ഉൾപ്പെടെയുള്ളവയും പുതിയ സംവിധാനം വഴി നടപ്പിലാക്കും.