അയ്മൻ അൽ മുദൈഫർ പുതിയ നിയോം സീഇഒ
|നിയോം പദ്ധതിയുടെ തുടക്കം മുതലുള്ള സിഇഒ ആയ നദ്മി അൽ നാസർ വിരമിച്ചു
ജിദ്ദ: നിയോം സിഇഒ ആയിരുന്ന നദ്മി അൽ നാസർ പടിയിറങ്ങി. നിയോം പദ്ധതിയുടെ തുടക്കം മുതലുള്ള സിഇഒ ആയിരുന്നു നദ്മി അൽ നാസർ. വിരമിക്കലിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇദ്ദേഹം വിരമിച്ച കാര്യം നിയോമാണ് അറിയിച്ചത്. എൻജിനീയർ അയ്മൻ അൽ മുദൈഫറാണ് പുതിയ സീഇഒ.
സൗദിയുടെ സ്വപ്ന പദ്ധതിയാണ് നീയോം. തബൂക്കിലെ നീയോം മേഖലയിലൊന്നാകെ വിവിധ പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടന്നു വരുന്നത്. അയ്മൻ അൽ മുദൈഫർ നിലവിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിലെ പ്രാദേശിക റിയൽ എസ്റ്റേറ്റ് നിക്ഷേപ വകുപ്പിന്റെ തലവനായി സേവനം വഹിച്ചു വരികയായിരുന്നു. എന്താണ് നദ്മി അൽ നാസറിന്റെ വിരമിക്കലിന്റെ കാരണമെന്ന് വ്യക്തമല്ല.
നിയോമിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായ സിന്താല കഴിഞ്ഞ ആഴ്ച സന്ദർശകർക്കായി തുറന്നിരുന്നു. മറ്റു പദ്ധതികളായ ദി ലൈൻ ഓക്സഗൺ ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ദിലൈൻ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാനുള്ള കരാറുകൾ മൂന്ന് ആഗോള കമ്പനികൾക്ക് കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഇതിലേക്ക് വിദേശനിക്ഷേപം വരുന്നതിനനുസരിച്ചാവും ദി ലൈൻ പദ്ധതി ഘട്ടം ഘട്ടമായി പൂർത്തിയാക്കുക. ഇതിനിടയിലാണ് നദ്മി അൽ നാസറിന്റെ പടിയിറക്കം.