Saudi Arabia
സൗദിയിൽ വിമാനയാത്രക്കാരുടെ ആനുകൂല്യങ്ങൾ പരിഷ്‌കരിച്ചു; ബാഗേജ് നഷ്ടപ്പെട്ടാൽ 6568 റിയാൽ നഷ്ടപരിഹാരം
Saudi Arabia

സൗദിയിൽ വിമാനയാത്രക്കാരുടെ ആനുകൂല്യങ്ങൾ പരിഷ്‌കരിച്ചു; ബാഗേജ് നഷ്ടപ്പെട്ടാൽ 6568 റിയാൽ നഷ്ടപരിഹാരം

Web Desk
|
19 Nov 2023 6:30 PM GMT

യാത്ര റദ്ദാക്കിയാലും വൈകിയാലും നഷ്ടപരിഹാരം ലഭിക്കും

ജിദ്ദ: സൗദിയിൽ വിമാനയാത്രക്കാരുടെ നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും വർധിപ്പിച്ചുകൊണ്ട് പരിഷ്‌കരിച്ച നിയമം പ്രാബല്യത്തിലായി. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് 750 റിയാൽ നഷ്ടപരിഹാരം നൽകണം. ലഗേജ് നഷ്ടപ്പെട്ടാലും കേടായാലും 6568 റിയാൽ വരെ നഷ്ടപരിപാരം ലഭിക്കും. 30 ഓളം വകുപ്പുകൾ ഉൾപ്പെടുത്തിയാണ് നിയമാവലി പരിഷ്‌കരിച്ചതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

വിമാന കമ്പനികളിൽ നിന്നും യാത്രക്കാർ നേരിടാറുള്ള വിവിധ പ്രശ്‌നങ്ങൾക്കുള്ള നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വർധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ആഗസ്റ്റിലാണ് സിവിൽ ഏവിയേഷൻ അതോറിറ്റി നിയമാവലി പരിഷ്‌കരിച്ചത്. ആറ് മണിക്കൂറിൽ കൂടുതൽ വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് ഭക്ഷണം, ഹോട്ടൽ താമസം, ഗതാഗതം തുടങ്ങിയ ആനൂകൂല്യങ്ങളായിരുന്നു ഇത് വരെ ലഭിച്ചിരുന്നത്. എന്നാൽ ഇതിന് പുറമെ ഇനി മുതൽ 750 റിയാൽ സാമ്പത്തിക നഷ്ടപരിഹാരവും ലഭിക്കും.

യാത്ര റദ്ദാക്കിയിൽ ടിക്കറ്റ് തുകയുടെ 150 ശതമാനം വരെയും, ഓവർ ബുക്കിംഗ് കാരണം യാത്ര മുടങ്ങിയാലും, ടിക്കറ്റ് താഴ്ന്ന ക്ലാസുകളിലേക്ക് തരം താഴ്ത്തിയാലും 200 ശതമാനം വരെയും നഷ്ടപരിഹാരം നൽകണമെന്ന് പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നു.ബുക്കിംഗ് സമയത്തില്ലാത്ത സ്റ്റോപ്പ് ഓവറുകൾ പിന്നീട് കൂട്ടിച്ചേർത്താൽ ഓരോ സ്റ്റോപ്പിനും 500 റിയാൽ വീതം യാത്രക്കാരന് വിമാന കമ്പനി നഷ്ടപരിഹാരം നൽകേണ്ടതാണ്.

ലഗേജ് നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താൽ പമാവാധി 6568 റിയാൽ വരെയാണ് നഷ്ടപരിഹാരം ലഭിക്കുക, ലഗേജ് ലഭിക്കാൻ കാലതാമസം നേരിട്ടാലും ആദ്യ ദിവസത്തിന് 740 റിയാലും, രണ്ടാം ദിവസം 300 റിയാലും എന്ന തോതിൽ പരമാവധി 6,568 റിയാൽ വരെയാണ് നഷ്ടപരിഹാരം അനുവദിക്കുക. അംഗപരിമിതരായ യാത്രക്കാരുടേയും ഹജ്, ഉംറ സർവീസുകൾ പോലെയുള്ള ചാർട്ടർ ഫ്ളൈറ്റുകളിലെ യാത്രക്കാരുടെയും അവകാശങ്ങളും ഉറപ്പ് വരുത്തുന്നതാണ് പരിഷ്‌കരിച്ച നിയമാവലി.

Similar Posts