2000 കോടിയുടെ ഓഫർ; സലാഹിനെ സ്വന്തമാക്കാൻ സൗദിയിലെ ഇത്തിഹാദ്
|ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചതിന് സമാനമായ ഓഫറാണിത്.
ജിദ്ദ: 2000 കോടിയുടെ ഓഫർ നൽകി മുഹമ്മദ് സലാഹിനെ സ്വന്തമാക്കാൻ വീണ്ടും ശ്രമവുമായി സൗദിയിലെ ഇത്തിഹാദ് ക്ലബ്ബ്. ട്രാൻസ്ഫർ ചാർജായി 1350 കോടി നൽകാനും ഒരുക്കമാണെന്ന് ക്ലബ്ബ് അറിയിച്ചു. ഇംഗ്ലീഷ് ക്ലബ്ബിനു മുന്നിൽ വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഓഫർ ആണിത്. താരത്തെ വിൽക്കില്ലെന്ന് ലിവർപൂൾ ആവർത്തിക്കുമ്പോഴും അൽ ഇത്തിഹാദ് കാത്തിരിക്കുകയാണ്.
ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചതിന് സമാനമായ ഓഫറാണിത്. എങ്ങനെയും മുഹമ്മദ് സലാഹിനെ സ്വന്തമാക്കാനാണ് ഇത്തിഹാദ് ക്ലബ്ബിന്റെ ശ്രമം. ലിവർപൂളിന്റെ പ്രധാന താരമാണ് സലാഹ്. സലാഹ് ഓഫറിൽ തൃപ്തനാണെങ്കിലും വിട്ടുകൊടുക്കാൻ ലിവർപൂൾ തയാറല്ലെന്നാണ് റിപ്പോർട്ടുകൾ.
ഹെൻഡേഴ്സണും ഫാബിനോയും ഇതിനകം ലിവർപൂളിൽ നിന്നും സൗദിയിലെത്തിയിട്ടുണ്ട്. എന്നാൽ പ്രധാന താരത്തെ വിട്ടുകൊടുക്കാൻ ലിവർപൂൾ തയാറല്ല. പുതിയ ഓഫറിൽ സലാഹ് വീഴുമോ എന്ന് കാത്തിരിക്കുകയാണ് ഇത്തിഹാദ്.
ഇംഗ്ലണ്ടിൽ കളിക്കാർക്ക് കൂടുമാറാനുള്ള ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മൂന്ന് ദിവസമേ ബാക്കിയുള്ളൂ. എന്നാൽ സൗദിയിൽ സെപ്തംബർ 20വരെ ട്രാൻസ്ഫർ വിൻഡോ തുറന്നിരിക്കും. ഇത് യൂറോപ്യൻ ക്ലബ്ബുകളുടെ സ്വസ്ഥത കെടുത്തുന്നുണ്ട്.