സൗദിയിൽ 2.8 ദശലക്ഷം ആംഫിറ്റാമിൻ ഗുളികകളും 627 കിലോ ഗ്രാം ഹാഷിഷും പിടികൂടി
|കേസിൽ 35 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ബോർഡർ ഗാർഡ് വക്താവ് കേണൽ മിസ്ഫർ അൽഖർനി അറിയിച്ചു
സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 2.8 ദശലക്ഷം ആംഫിറ്റാമിൻ ഗുളികകളും 627 കിലോ ഗ്രാം ഹാഷിഷും പിടികൂടി. സൗദി അതിർത്തി സുരക്ഷാ സേനയാണ് മയക്കുമരുന്ന് പിടികൂടിയത്. കേസിൽ 35 പേരെ അറസ്റ്റ് ചെയ്തു. സൗദിയുടെ കിഴക്കൻ അതിർത്തികളിലൂടെയും തെക്കൻ അതിർത്തി പ്രദേശങ്ങളിലൂടെയും രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കു മരുന്നു ശേഖരമാണ് പിടിച്ചെടുത്തത്. ജനറൽ ഡയറക്ട്രേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ, ജനറൽ ഡയറക്ട്രേറ്റ് ഓഫ് ബോർഡർ ഗാർഡ് എന്നിവയുടെ സഹകരണത്തോടെയാണ് നടപടി.
കിഴക്കൻ അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച 2.8 ദശലക്ഷം ആംഫിറ്റാമിൻ ഗുളിക, തെക്കൻ അതിർത്തി വഴി കടത്താൻ ശ്രമിച്ച 627 കിലോ ഗ്രാം ഹാഷിഷ്, 28.94 ടൺ ഖാട്ട് എന്നിവയാണ് സുരക്ഷാ വിഭാഗം പിടിച്ചെടുത്തത്. കേസിൽ 35 പേരെ അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ട്രേറ്റ് ഓഫ് ബോർഡർ ഗാർഡ് വക്താവ് കേണൽ മിസ്ഫർ അൽഖർനി അറിയിച്ചു. ഇവരിൽ 27 പേർ സ്വദേശികളും എഴു പേർ യമൻ സ്വദേശികളും ഒരാൾ എത്യോപ്യൻ വംശജനുമാണ്. പിടിച്ചെടുത്ത ലഹരി വസ്തുക്കളും പ്രതികളെയും നിയമ നടപടികൾക്ക് ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അതിർത്തി സുരക്ഷാ സേന വ്യകതമാക്കി.
2.8 million amphetamine pills and 627 kilograms of hashish were seized during an attempt to smuggle them into Saudi Arabia.