Saudi Arabia
സൗദിയിൽ നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ കാറിടിച്ചു തെറിപ്പിച്ചു; ഭർത്താവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്
Saudi Arabia

സൗദിയിൽ നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ കാറിടിച്ചു തെറിപ്പിച്ചു; ഭർത്താവ് മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

Web Desk
|
27 July 2022 3:02 PM GMT

ജുബൈൽ 'താബ സെന്റ'റിന് സമീപം ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം

ജുബൈൽ: നടക്കാനിറങ്ങിയ ബിഹാർ സ്വദേശികളായ ദമ്പതികളെ സ്വദേശിയുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് ഭർത്താവ് തൽക്ഷണം മരിക്കുകയും ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തമീമി കമ്പനി ജീവനക്കാരൻ പട്‌ന സ്വദേശി ചന്ദ്രശേഖർ പ്രസാദ്, ശാന്തി കുമാരി ദമ്പതികളുടെ മകൻ ചന്ദ്ര പ്രഭാത് കുമാ (37) റാണ് മരിച്ചത്. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഭാര്യ വൈഷ്ണവി കുമാരി(21) യെ അൽ-ഹസ്സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജുബൈൽ 'താബ സെന്റ'റിന് സമീപം ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. സായാഹ്ന സവാരി നടത്തുകയായിരുന്ന ഇരുവരെയും പിന്നിൽ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്ര പ്രഭാത് അപകട സ്ഥലത്ത് മരിച്ചു. സാരമായി പരിക്കേറ്റ വൈഷ്ണവിയെ ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കാലിലെ ഞരമ്പുകൾ അറ്റുപോയതിനാൽ പ്രത്യേക ചികിത്സ വേണ്ടതിനാൽ അതിന് അൽ-ഹസ്സയിലെ ആശുപത്രിയിലേക്ക് സൗകര്യമുള്ള രാത്രി ഒരുമണിയോടെ മാറ്റുകയാണുണ്ടായത്.

ഒരുമാസം മുമ്പാണ് വൈഷ്ണവി സന്ദർശക വിസയിൽ സൗദിയിൽ എത്തിയത്. പ്രവാസി സാംസ്‌കാരിക വേദി ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ കേസും ചികിത്സയുമായ കാര്യങ്ങളിൽ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ട്. അപകടങ്ങൾ ആവർത്തിക്കുന്നതിനാൽ റോഡരികിൽ കൂടി നടക്കാൻ ഇറങ്ങുന്നവരും കാൽനട യാത്രക്കാരും വാഹനങ്ങൾ സഞ്ചരിക്കുന്നതിനു എതിർ വശത്തു കൂടി നടക്കാൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്ര പ്രസാദിന്റെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈഷ്ണവിയുടെ വിവരങ്ങൾ അറിയാൻ അൽ-ഹസ്സയിലെ സാമൂഹ്യ പ്രവർത്തകരുമായും നാട്ടിലെ കുടുംബത്തെ കണ്ടെത്താൻ ഡൽഹിയിലെ വെൽഫെയർ പാർട്ടി നേതാക്കളുമായും ബന്ധപ്പെട്ടുവരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി..

Similar Posts