സൗദിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട: 14 ലക്ഷത്തിലധികം ലഹരി ഗുളികകൾ പിടികൂടി
|വാഹനങ്ങൾക്കുള്ളിൽ പ്രത്യേക അറകൾ നിർമ്മിച്ചും ഇന്ധന ടാങ്കുകൾക്കകത്ത് ഒളിപ്പിച്ച നിലയിലുമാണ് ലഹരി ഗുളികകൾ കടത്താൻ ശ്രമം നടത്തിയത്
സൗദി അറേബ്യയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. പതിനാല് ലക്ഷത്തോളം വരുന്ന കാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് പരാജയപ്പെടുത്തി. സൗദിയും ജോർദാനും അതിർത്തി പങ്കിടുന്ന അൽ ജൗഫിലെ അൽഹദീസ ചെക്ക് പോസ്റ്റിൽ വെച്ചാണ് ലഹരി ഗുളികകൾ പിടികൂടിയത്.
അഞ്ച് വിത്യസ്ത സന്ദർഭങ്ങളിലായാണ് ലഹരി ഗുളികകളുടെ ശേഖരം പിടികൂടിയത്. സൗദി അറേബ്യ ജോർദാനുമായി അതിർത്തി പങ്കിടുന്ന അൽജൗഫിലെ അൽഹദീസ ചെക്ക് പോസ്റ്റിൽ വെച്ചാണ് മയക്കു മരുന്ന് വേട്ട. ട്രക്കുകളിലും യാത്രാ വാഹനങ്ങളിലുമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച പതിനാല് ലക്ഷത്തിലധികം വരുന്ന കാപറ്റഗൺ ഗുളികകൾ പിടിച്ചെടുത്തതായി സൗദി കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
ലഹരി വേട്ടയുടെ വീഡിയോയും ചിത്രങ്ങളും അതോറിറ്റി പുറത്ത് വിട്ടിട്ടുണ്ട്. വാഹനങ്ങൾക്കുള്ളിൽ പ്രത്യേക അറകൾ നിർമ്മിച്ചും ഇന്ധന ടാങ്കുകൾക്കകത്ത് ഒളിപ്പിച്ച നിലയിലുമാണ് ഗുളികകൾ കടത്താൻ ശ്രമം നടത്തിയത്. അത്യാധുനിക സുരക്ഷ സാങ്കേതിക വിദ്യയുടെയും സ്നിഫർ ഡോഗുകളുടെയും സഹായത്തോടെയാണ് ശേഖരം കണ്ടെത്തിയത്.
ചരക്ക് വഹനത്തിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിൽ ഏഴ് ലക്ഷത്തി എഴുപതിനാലായിരത്തിലധികം വരുന്ന ലഹരി ഗുളികകളാണ് ആദ്യ ശ്രമത്തിൽ പിടികൂടിയത്. ശേഷം മറ്റൊരു വഹനത്തിൽ നിന്ന് രണ്ട് ലക്ഷത്തി എഴുപതിരണ്ടായിരം ഗുളികകളും മൂന്നാമതൊരു വഹനത്തിൽ നിന്ന് രണ്ട് ലക്ഷത്തി അറുപത്തിയൊമ്പതിനായിരം കാപ്റ്റഗൺ ഗുളികകളും പിടികൂടി. സംഭവത്തിൽ രണ്ട് പേരുടെ അറ്സ്റ്റ രേഖപ്പെടുത്തി അന്വേഷണം തുടർന്നു വരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.