ചെങ്കടലിൽ ചരക്ക് കപ്പലിന് നേരെ വീണ്ടും ഹൂത്തികളുടെ മിസൈലാക്രമണം
|ആഫ്രിക്കയിലെ ജിബൂട്ടിയിൽ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്
ജിദ്ദ: ചെങ്കടലിൽ വീണ്ടും ചരക്ക് കപ്പലിന് നേരെ ഹൂത്തികളുടെ മിസൈലാക്രമണം. ആഫ്രിക്കയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക് വരികയായിരുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഗസ്സക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ ഹൂതികൾ ആക്രമിക്കുന്നത്.
ആഫ്രിക്കയിലെ ജിബൂട്ടിയിൽ നിന്നും ജിദ്ദയിലേക്ക് വരികയായിരുന്ന ചരക്ക് കപ്പലിന് നേരെ യെമനിലെ മോഖ തീരത്ത് വെച്ചാണ് ഹൂത്തികളുടെ ആക്രമണമുണ്ടായത്. മൂന്ന് മിസൈലുകൾ ഉപയോഗിച്ചാണ് കപ്പൽ ആക്രമിച്ചതെന്ന് ബ്രിട്ടീഷ് മിലിട്ടറിയുടെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെൻറർ അറിയിച്ചു. ഫ്രാൻസിൽ നിന്നുള്ള കപ്പലിൽ മാൾട്ട പതാകയാണ് ഘടിപ്പിച്ചിരുന്നത്. കപ്പൽ കമ്പനിക്ക് ഇസ്രായേലുമായുള്ള വ്യാപാരബന്ധമാണ് ആക്രമണത്തിന് ഹൂത്തികളെ പ്രേരിപ്പിച്ചതെന്ന് സ്വകാര്യ സുരക്ഷാ സ്ഥാപനമായ ആംബ്രെ പറഞ്ഞു. കപ്പലിന് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചതെന്ന് അധികൃതർ വിശദീകരിച്ചു.
അതിനിടെ ഇസ്രായേലി വ്യവസായി ഇയാൽ ഓഫറിന്റെ ഭാഗിക ഉടമസ്ഥതയിലുളള പോർച്ചുഗൽ ഫ്ലാഗുള്ള എം.എസ്.സി ഓറിയോൺ എന്ന കണ്ടെയ്നർ കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിലും ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ അമേരിക്കൻ സൈന്യത്തിന്റെ എം.ക്യു-9 റീപ്പർ ഡ്രോണുകൾ വെടിവെച്ചിട്ടതായും കഴിഞ്ഞ ദിവസം ഹൂതികൾ അവകാശപ്പെട്ടിരുന്നു. ഗസ്സക്ക് നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഹൂത്തികൾ ഇസ്രായേലിനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ ആക്രമിക്കുന്നത്.
കഴിഞ്ഞ നവംബർ മുതൽ ഇത് വരെ 50 ലധികം കപ്പലുകൾ ഹൂത്തികൾ ആക്രമിക്കുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും മറ്റൊന്ന് വെള്ളത്തിൽ മുക്കുകയും ചെയ്തതായി യു.എസ് മാരിടൈം അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. ഹൂത്തികൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ വ്യോമാക്രമണം തുടരുന്നതിനിടിയിലാണ് ചെങ്കടലിൽ ഹൂത്തികൾ വീണ്ടും ആക്രമണം ശക്തമാക്കിയത്.