Saudi Arabia
സൗദിയിലെത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്
Saudi Arabia

സൗദിയിലെത്തുന്ന വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്

Web Desk
|
9 Jan 2023 4:25 PM GMT

ഗസ്റ്റാറ്റ് പ്രസിദ്ധീകരിച്ച പാദ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്

ദമ്മാം: സൗദിയിലേക്ക് തൊഴില്‍ തേടിയെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദ റിപ്പോര്‍ട്ടിലാണ് വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയത്. സ്വദേശി ജീവനക്കാരുടെ എണ്ണത്തിലും ഇക്കാലയളവില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗസ്റ്റാറ്റ് പ്രസിദ്ധീകരിച്ച പാദ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ 10.16 ദശലക്ഷം വിദേശ തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് ഒന്‍പത് മാസം പിന്നിടുമ്പോള്‍ എണ്ണം 10.90 ദശലക്ഷമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഏഴര ലക്ഷത്തോളം വിദേശികളാണ് ഇക്കാലയളവില്‍ രാജ്യത്തേക്ക് പുതുതായി എത്തിയത്. സ്വദേശികള്‍ക്കിടയിലെ തൊഴില്‍ നിരക്കിലും ഇക്കാലയളവില്‍ വര്‍ധനവുണ്ടായി.

വര്‍ഷാരംഭത്തില്‍ 3.57 ദശലക്ഷമായിരുന്നു സ്വദേശി ജീവനക്കാര്‍ മൂന്നാം പാദത്തില്‍ 3.69 ദശലക്ഷമായി വര്‍ധിച്ചു. ഇതോടെ രാജ്യത്തെ ആകെ തൊഴിലാളികളുടെ എണ്ണം 14.59 ദശലക്ഷമായി ഉയര്‍ന്നു. 4.77 ദശലക്ഷം പേരുമായി റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യുന്നത്. മക്കയില്‍ 2.03ഉം, കിഴക്കന്‍ പ്രവിശ്യയില്‍ 2.01 ദശലക്ഷവും പേര്‍ തൊഴിലെടുക്കുന്നതായി കണക്കുകള്‍ പറയുന്നു.

Similar Posts