സൗദിയില്‍ മയക്കുമരുന്നിനെതിരായി ആരംഭിച്ച കാമ്പയിന് ഫലം ചെയ്യുന്നതായി ആഭ്യന്തര മന്ത്രി
|മയക്കു മരുന്ന് വിരുദ്ധ പോരാട്ടത്തില്‍ തങ്ങളുടേതായ പങ്കാളിത്തം നടത്തി വരുന്ന സുരക്ഷാ ജീവനക്കാരെയും പൊതുജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു
സൗദിയില്‍ മയക്കുമരുന്നിനെതിരായി ആരംഭിച്ച കാമ്പയിന് ഫലം ചെയ്ത് വരുന്നതായി ആഭ്യന്തര മന്ത്രി. കാമ്പയിന് പരിശോധനകള്‍ ആദ്യ ഘട്ടത്തിലാണ്. ലക്ഷ്യം കൈവരിക്കുന്നതിന് കൂടുതല്‍ ശക്തമായ പരിശോധനകളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്ത് മയക്ക് മരുന്നിനെതിരെ പ്രഖ്യാപിച്ച യുദ്ധം വിജയം കൈവരിച്ചു വരുന്നതായി സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന് പറഞ്ഞു. കാമ്പയിന്റെ ഭാഗമായി മന്ത്രാലയ ആസ്ഥാനത്ത് സ്ഥാപിച്ച സെന്‍ട്രല്‍ ഓപ്പറേഷന് ഓഫീസ് സന്ദര്‍ശിച്ച് മുതിര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നിര്‍ദ്ദേശാനുസരണവും പിന്തുണയോടും കൂടിയാണ് കാമ്പയിന് ആരംഭിച്ചത്. മയക്കു മരുന്ന് വിതരണക്കാരെയും കടത്തുകാരെയും നിര്‍ദ്ദാക്ഷിണ്യം നേരിടുകയാണ് രാജ്യം.
യുവതയെ ലക്ഷ്യം വെക്കാനും രാജ്യ സുരക്ഷ തകര്‍ക്കാനും ഇത്തരക്കാരെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. മയക്കു മരുന്ന് വിരുദ്ധ പോരാട്ടത്തില്‍ തങ്ങളുടേതായ പങ്കാളിത്തം നടത്തി വരുന്ന സുരക്ഷാ ജീവനക്കാരെയും പൊതുജനങ്ങളെയും മന്ത്രി അഭിനന്ദിച്ചു.