സൗദിയിലെ നാല് നഗരങ്ങളിൽ ടാക്സികൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു
|റിയാദ്, മദീന, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് അനുമതി
റിയാദ്: സൗദി അറേബ്യയിലെ നാല് നഗരങ്ങളിൽ ടാക്സികൾക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. റിയാദ്, മദീന, ജിദ്ദ, ദമ്മാം നഗരങ്ങളിലാണ് അപേക്ഷിക്കാനുള്ള അനുമതി. മുമ്പ് ഈ നഗരങ്ങളിൽ പുതിയ ലൈസൻസുകൾ അനുവദിക്കാനും നിലവിലുള്ള കാറുകൾ കൂട്ടാനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയിരുന്നു. ടാക്സികൾ വർധിച്ചതിനാലായിരുന്നു അത്. എന്നാൽ പുതിയ തീരുമാന പ്രകാരം ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾക്ക് പുതിയ ടാക്സികൾക്ക് അപേക്ഷിക്കാം.
സ്ഥാപനത്തിന് പ്രവർത്തിക്കാൻ മിനിമം ആവശ്യമായ എണ്ണം കാറുകൾക്കായിരിക്കും അപേക്ഷിക്കാൻ കഴിയുക. കഴിഞ്ഞ വർഷത്തോടെ കാലാവധി എത്തിയ വാഹനങ്ങൾ പുതുക്കാനോ, മാറ്റി പുതിയവ നിരത്തിലിറക്കാനോ പുതിയ നിയമം അനുവദിക്കുന്നുണ്ട്.
നിലവിലുള്ള ലൈസൻസ് കാലാവധി കഴിഞ്ഞിട്ടുള്ളതോ പൂർണമായും പ്രവർത്തന കാലം കഴിഞ്ഞിട്ടുള്ളതോ ആയ കാറുകളാണ് പിൻവലിക്കേണ്ടത്. ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക് സർവീസസ് മന്ത്രി സലേഹ് അൽ ജാസറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പബ്ലിക് ടാക്സി ബിസിനസിനെ കൂടുതൽ സജീവമാക്കുക, യാത്രകൾ വേഗത്തിലാക്കുക, ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിവയുടെ ഭാഗമായാണ് പുതിയ നീക്കം.