Saudi Arabia
Arab League emergency meeting called for an end to Israels violence in Gaza, Arab League called to halt Israel attack in Gaza, Israel-Palestine war 2023, Israel attack on Gaza, Hamas, Arab League
Saudi Arabia

ഇസ്രായേല്‍ ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണം: അറബ് ലീഗ്

Web Desk
|
12 Oct 2023 6:02 PM GMT

കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിൽ സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്‍റും ഗസ്സ വിഷയം ചർച്ച ചെയ്തിരുന്നു

റിയാദ്: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അന്താരാഷ്ട്ര ഇടപെടലിനും കെയ്റോയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ഇതിനിടെ, അപ്രതീക്ഷിത നീക്കത്തിൽ ഗസ്സ വിഷയത്തിൽ സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്‍റും ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് യോജിച്ച് പ്രവർത്തിക്കുന്നതായി ഇരുവരും പറഞ്ഞു.

ഫലസ്തീന്റെ ആവശ്യപ്രകാരം വിളിച്ചുചേർത്തതായിരുന്നു അറബ് ലീഗ് അടിയന്തര യോഗം. സൗദിയും ഖത്തറും യു.എ.ഇയും ഉൾപ്പെടെ 22 രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ് ലീഗ്. ഈ സമ്മേളനത്തിലാണ് ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കിയത്. ഇസ്രായേൽ ബോംബാക്രമണം അവസാനിപ്പിക്കാനും ഗസ്സയിലേക്ക് സഹായമെത്തിക്കാനും അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്താൻ യോഗം തീരുമാനിച്ചു. ഭക്ഷണവും വെള്ളവും മരുന്നുമടക്കം ഗസ്സയിലേക്കെത്തിക്കാൻ ശ്രമം തുടരും. ഇരുകൂട്ടരെയും സമാധാന ചർച്ചയിലേക്ക് തിരികെകൊണ്ടുവരാനും വിഷയം ഗൗരവപൂർവും പിന്തുടരാനും യോഗം തീരുമാനിച്ചു.

ആക്രമണം തുടരുന്നതിനിടെ ആദ്യമായി ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചർച്ച നടത്തിയത് ശ്രദ്ധേയ നീക്കമായി. ചൈനീസ് മധ്യസ്ഥതയിൽ ഇറാൻ-സൗദി ബന്ധം പുനഃസ്ഥാപിച്ചശേഷം ആദ്യമാണ് ഇരുരാഷ്ട്ര നേതാക്കളും സംസാരിക്കുന്നത്. അരമണിക്കൂറിലേറെ ഇരുവരും വിഷയം ചർച്ച ചെയ്തു. ഇതിനുതൊട്ടുമുമ്പ് തുർക്കി പ്രസിഡന്‍റുമായും കിരീടാവകാശി ചർച്ച നടത്തി.

ഫലസ്തീനൊപ്പമാണെന്നും അവകാശങ്ങൾ നേടുംവരെ അവർക്കൊപ്പം തുടരുമെന്നും സൗദി കിരീടാവകാശി രണ്ടു കൂട്ടരോടും ആവർത്തിച്ചു. പ്രശ്നപരിഹാരത്തിന് ഏകോപനം തുടരുമെന്നും സൗദി അറിയിച്ചു. കരമാർഗം ഗസ്സയിലേക്ക് കയറാൻ അവസരം കാത്തിരിക്കുകയാണ് ഇസ്രായേൽ. ഇതിനിടെ കൂടുതൽ ഏകോപനത്തോടെ സമ്മർദശ്രമം അറബ്-ഇസ്‍ലാമിക രാജ്യങ്ങൾക്കിടയിൽ തെളിയുകയാണ്.

Summary: An emergency meeting of the Arab League called for an end to Israel's violence in Gaza.

Similar Posts