അറഫ പ്രഭാഷണം മലയാളമടക്കം 20 ഭാഷകളിൽ; 30 കോടി ആളുകളിലേക്ക് പ്രഭാഷണമെത്തും
|അറഫാ പ്രഭാഷണത്തോടെയാണ് ഹജ്ജിലെ സുപ്രധാന സംഗമത്തിന് തുടക്കമാകുന്നത്
മിന: മലയാളമടക്കം 20 ഭാഷകളിൽ ഇത്തവണ അറഫാ പ്രഭാഷണം കേൾക്കാം. കഴിഞ്ഞ തവണ 14 ഭാഷകളിലായിരുന്നു അറഫാ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞിരുന്നത്. ഇത്തവണ മലയാളമടക്കം 20 ഭാഷകളിലുണ്ടാകും. അറഫാ പ്രഭാഷണത്തോടെയാണ് ഹജ്ജിലെ സുപ്രധാന സംഗമത്തിന് തുടക്കമാകുന്നത്.
ഇതാണ് അറഫയിലെ നമിറാ പള്ളി. ഇവിടെ വെച്ചാണ് അറഫാ പ്രഭാഷണം നടക്കുക. സൗദിയിലെ പ്രമുഖ പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവുമായ ഡോ. യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദാണ് അറഫാ പ്രസംഗം നടത്തുന്നത്. ഉച്ചക്ക് നടക്കുന്ന അറഫയിലെ പ്രസംഗത്തോടെയാണ് അറഫാ സംഗമത്തിന് തുടക്കമാവുക. 4 ലക്ഷം പേരെ ഉൾക്കൊള്ളുന്നതാണ് ഈ പള്ളി.
പ്രവാചകന്റെ ഹജ്ജിലെയും ജീവിതത്തിലേയും വിടവാങ്ങൽ പ്രഭാഷണത്തെ അനുസ്മരിച്ചു നടക്കുന്നതാണ് ഈ പ്രസംഗം. ഇത്തവണ അത് മലയാളമടക്കം 20 ഭാഷകളിൽ കേൾക്കാം. അതിനായുള്ളതാണ് ഈ ട്രാൻസലേഷൻ കേന്ദ്രം. മനാറാത്ത് അൽ ഹറമൈൻ എന്ന ആപ്പ് വഴിയാണ് മലയാളമടക്കം എല്ലാ ഭാഷകളും ലഭ്യമാവുക.
ചരിത്രത്തില്‍ ആദ്യമായാണ് ലോക മുസ്ലിംകളുടെ 65 ശതമാനം ആളുകൾ ഉപയോഗിക്കുന്ന 20 ഭാഷകളിൽ അറഫാ പ്രഭാഷണം കേൾക്കാൻ അവസരം. 30 കോടി ആളുകളിലേക്ക് പ്രഭാഷണം എത്തിക്കാനാണ് പദ്ധതി. മലയാളം ഉൾപ്പടെ 6 ഭാഷകൾ കൂടി പുതുതായി ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ പ്രത്യേകത. ഇതിനായി സൗദിയിലെ പത്ത് എഫ് എമ്മിലും സൗദി ടിവി യിലും ലൈവായി സംപ്രേഷണം കേൾക്കാം.