ചെങ്കടലിലെ ആക്രമണം: സൂയസ് കനാലിൽ ഗതാഗതം കുറഞ്ഞു, വരുമാനത്തിൽ വൻ ഇടിവ്
|പ്രതിവർഷം 10 ബില്യൺ ഡോളറായിരുന്നു ഈജിപ്തിന് സൂയസ് കനാൽ വഴി ലഭിച്ചിരുന്നത്
ജിദ്ദ: ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണം ഈജിപ്തിലെ സൂയസ് കനാലിന്റെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന പ്രധാന ജലപാതയാണ് ഈജിപ്തിലെ സൂയസ് കനാൽ.
ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം ശക്തമായതോടെ ചെങ്കടൽ വഴിയുള്ള ചരക്ക് നീക്കത്തിലും ഭീഷണി നേരിട്ട് തുടങ്ങി. ഇതോട സൂയസ് കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ 60 ശതമാനവും ദക്ഷിണാഫ്രിക്കയിലൂടെ വഴി മാറി സഞ്ചരിക്കാൻ തുടങ്ങി. ഇതോടെ സൂയസ് കനാലിൽ നിന്നുള്ള വരുമാനത്തിൽ ഈ വർഷം ഇതുവരെ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായതായി ഈജിപ്ഷ്യൻ പ്രസിഡന്റ് പറഞ്ഞു.
പ്രതിവർഷം 10 ബില്യൺ ഡോളറായിരുന്നു ഈജിപ്തിന് സൂയസ് കനാൽ വഴി ലഭിച്ചിരുന്നത്. ഈജിപ്തിന്റെ പ്രധാന വിദേശ കറൻസി സ്രോതസ്സുകളിലൊന്നായിരുന്നു ഇത്. എന്നാൽ, ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾ ആക്രമിക്കപ്പെട്ടു തുടങ്ങിയതോടെ ചെങ്കടലിലൂടെയുള്ള ഗതാഗതം ചില ഷിപ്പിംഗ് കമ്പനികൾ താൽക്കാലികമായി നിർത്തിവെച്ചു.
മറ്റു ചില ഷിപ്പിംഗ് കമ്പനികൾ തെക്കൻ ആഫ്രിക്കക്ക് ചുറ്റുമുള്ള ദൈർഘ്യമേറിയ റൂട്ടിലൂടെ വഴിമാറി സഞ്ചരിക്കാനും തുടങ്ങി. സംഘർഷം വ്യാപാര മേഖലയിലും, കപ്പൽ ചെലവുകളിലും കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കപ്പലുകൾ വഴിമാറി സഞ്ചരിക്കുന്നത് ആഗോള വിതരണത്തിലും ചരക്ക് വ്യാപാരത്തിലും ഇൻഷുറൻസിലും ചെലവുകൾ ഉയരാൻ കാരണമാകുമെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടിയിരുന്നു.