ഇസ്രായേലിലേക്കുള്ള കപ്പലുകളെ ആക്രമിക്കുന്നത് സൗദിയുമായുള്ള സമാധാന ചർച്ചയ്ക്ക് ഭീഷണിയാകില്ല; ഹൂതി വക്താവ്
|ഇസ്രായേലുമായുള്ള പോരാട്ടത്തിൽ ഹമാസിന് വലിയ പിന്തുണയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ പ്രഖ്യാപിച്ചത്.
റിയാദ്: ഇസ്രായേലിലേക്കുള്ള കപ്പലുകളെ ആക്രമിക്കുന്നത് സൗദിയുമായുള്ള സമാധാന ചർച്ചയ്ക്ക് ഭീഷണിയാകില്ലെന്ന് ഹൂതി വക്താവ്. യമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ നേതാവ് മുഹമ്മദ് അബ്ദുസ്സലാമാണ് സമാധാന ചർച്ചകൾ മുടങ്ങില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതാണ് സംഘർഷം രൂക്ഷമാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലുമായുള്ള പോരാട്ടത്തിൽ ഹമാസിന് വലിയ പിന്തുണയാണ് യമനിലെ വിമത വിഭാഗമായ ഹൂതികൾ പ്രഖ്യാപിച്ചത്. ഇസ്രായേൽ തുറമുഖങ്ങളിലേക്ക് പോകുന്ന മുഴുവൻ വാണിജ്യ കപ്പലുകളിലേക്കും ഹൂതി സംഘം ആക്രമണ ശ്രമം നടത്തിയിരുന്നു. എന്നാൽ സൗദിയുമായി തുടരുന്ന സമാധാന ചർച്ചകളെ ഇത് ഒരിക്കലും ബാധിക്കില്ലെന്നാണ് ഹമാസ് വക്താവ് അബ്ദുൽ സലാം വ്യക്തമാക്കിയത്. ഒമാന്റെയും ഐക്യരാഷ്ട്രസഭയുടേയും മധ്യസ്ഥതയിലാണ് ഹൂതികൾക്കും സൗദിക്കും ഇടയിൽ നിലവിൽ സമാധാന ചർച്ചകൾ നടക്കുന്നത്.
സൗദി സഖ്യസേന യമനിൽ നിന്ന് പിൻവാങ്ങുന്നതിന്റെയും സമാധാന ശ്രമങ്ങളുടെയും ഭാഗമായിട്ടാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഇസ്രായേലിനെയും അമേരിക്കയെയും ഗസ്സയിൽ വെടിനിർത്തലിന് സമ്മർദം ചെലുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അബ്ദുൽ സലാം വ്യക്തമാക്കി. അതേസമയം, ചെങ്കടലിലെ ഹൂതി ആക്രമണങ്ങൾ ഉടൻ നിർത്തണമെന്ന് യു.എൻ രക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം ഹൂതി വക്താക്കൾ തള്ളിക്കളഞ്ഞു.
അമേരിക്കൻ താല്പര്യങ്ങളെ സംരക്ഷിക്കാനുള്ള രാഷ്ട്രീയക്കളി മാത്രമാണതെന്നാണ് ഹൂതി വക്താവ് മുഹമ്മദ് അലി അൽ-ഹൂതി പ്രതികരിച്ചത്. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അതിർത്തിക്കപ്പുറത്തേക്ക് സംഘർഷം രൂക്ഷമാകുന്നത് തടയാൻ സൗദിയുൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ അമേരിക്കയോട് വെടിനിർത്തലിന് ആവശ്യപ്പെട്ടിട്ടുമുണ്ട്.