സൗദിയിൽ വാഹനത്തിന്റെ മേൽക്കൂരയിൽ മയക്കുമരുന്ന് കടത്താൻ ശ്രമം; ഒടുവിൽ കസ്റ്റംസിന്റെ പിടിയിൽ
|അൽ വാദിയ പോർട്ട് വഴി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വാഹനത്തിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്
ജിദ്ദ: സൗദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. വാഹനത്തിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചായിരുന്നു മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത്. ഇത് സ്വീകരിക്കാനെത്തിയവരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
അൽ വാദിയ പോർട്ട് വഴി സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച വാഹനത്തിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. 81 കിലോയിലധികം ഹാഷിഷ് കടത്താനായിരുന്നു ശ്രമം. വാഹനത്തിൻ്റെ മേൽക്കൂരയിൽ പ്രത്യേകം സജ്ജമാക്കിയ അറയിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. വിദഗ്ധരുടെ സഹായത്താൽ മേൽക്കൂര പൊളിച്ച് മാറ്റിയാണ് ഇവ പുറത്തെടുത്തത്. ഇവ സ്വീകരിക്കാനെത്തയവരെ രാജ്യത്തിനകത്ത് വെച്ച് പിടികൂടിയതായും സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി, കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് എല്ലാവരോടും അതോറിറ്റി ആവശ്യപ്പെട്ടു. കള്ളക്കടത്ത് കുറ്റകൃത്യങ്ങളെ കുറിച്ച് നൽകുന്ന വിവരങ്ങൾ പൂർണ രഹസ്യമായിരിക്കുമെന്നും, കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് അർഹമായ പാരിതോഷികം നൽകുമെന്നും അതോറിറ്റി അറിയിച്ചു.