വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടന്നത് ആക്രമണശ്രമമാണെന്ന് നവോദയ
|ദമ്മാം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്നത് ആക്രമണശ്രമമാണെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും നവോദയ സാംസ്‌കാരിക വേദി കിഴക്കന്‍പ്രവിശ്യ പത്രക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്.
കെ.പി.സി.സി പ്രസിഡണ്ടിന്റെ അറിവോടെയാണ് സംഭവം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി നവോദയ ആരോപിച്ചു. ഇ.പി ജയരാജനെ ട്രയിനില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതിന് സമാനമാണ് ഈ സംഭവമെന്നും മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയ്ക്ക് നേരെ വന്നവരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ തള്ളിമാറ്റുകയായിരുന്നുവെന്നും നവോദയ ഇന്നലത്തെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അത് പുറത്ത് കൊണ്ട് വരണമെന്നും നവോദയ അഭിപ്രായപ്പെട്ടു.
ഇ.ഡി പോലുളള കേന്ദ്രഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ പോലും ദേശീയ നിലപാടെന്നും തൃക്കാകര തെരെഞ്ഞെടുപ്പില്‍ രൂപപ്പെട്ട അവിശുദ്ധ മുന്നണി എല്ലാ മറയും നീക്കി തെരുവില്‍ ഒന്നിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും പത്രക്കുറിപ്പില്‍ ആരോപിച്ചു.