സൗദിയിൽ ശരാശരി ആയുസ്സ് 77.6 വയസ്സ്; ജീവിതനിലവാരമുയർന്നത് ഗുണം ചെയ്തു
|സൗദി ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകൾ
റിയാദ്: സൗദിയിൽ ജീവിക്കുന്നവരുടെ ശരാശരി ആയുസ്സ് 77.6 വർഷമായി ഉയർന്നു. സൗദി ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തു വിട്ടത്. പരിസ്ഥിതിയിലും ജീവിത നിലവാരത്തിലും ആരോഗ്യ മേഖലയിലും സൃഷ്ടിച്ച നേട്ടങ്ങളാണ് ഉയർച്ചക്ക് പിന്നിൽ. രാജ്യത്തെ കാലാവസ്ഥയുൾപ്പെടെ ഇതിന് കാരണമായിട്ടുണ്ട്. സൗദിയിൽ ജീവിക്കുന്നവരുടെ ശരാശരി ആയുസ്സ് മുപ്പത് വർഷം മുമ്പ് അമ്പത് വയസ്സായിരുന്നു. എന്നാൽ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ നേട്ടങ്ങൾ ഇതിന് മാറ്റം വരുത്തി. കഴിഞ്ഞ വർഷത്തെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. മന്ത്രാലയത്തിന് കീഴിൽ ജനങ്ങൾക്ക് നൽകിയ ബോധവത്കരണം ഇതിൽ ഗുണം ചെയ്തു. നടത്തം, വ്യായാമം, ഭക്ഷണങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ്, കലോറി നിയന്ത്രണം എന്നിവക്കായി വിവിധ ക്യാമ്പയിനുകൾ മന്ത്രാലയം നടത്തിയിരുന്നു. ആശുപത്രികളിൽ അഡ്മിറ്റായി ചികിത്സ നേടുന്നവരുടെ സംതൃപ്തി 87.45% ആയി ഉയർന്നു. അഞ്ചു വർഷത്തിനിടെ അഞ്ച് ശതമാനത്തോളമാണ് ഇതിലുള്ള വളർച്ച.