Saudi Arabia
വ്യക്തികളുടെ പേരിൽ അവരറിയാതെ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകൾ ഇനി ഓൺലൈനിലൂടെ അറിയാം
Saudi Arabia

വ്യക്തികളുടെ പേരിൽ അവരറിയാതെ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകൾ ഇനി ഓൺലൈനിലൂടെ അറിയാം

Web Desk
|
10 May 2024 6:57 PM GMT

ബാങ്കിടപാടുകളിലെ തട്ടിപ്പുകൾ തടയുന്നതിനും സ്വകാര്യത വർധിപ്പിക്കാനും പുതിയ സേവനത്തിലൂടെ സാധിക്കും

ജിദ്ദ: സൗദിയിൽ വ്യക്തികളുടെ പേരിൽ അവരറിയാതെ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ഇനി ഓൺലൈനിലൂടെ അറിയാം. ഇതിനായി ബാങ്ക് ഉപഭോക്താക്കൾക്ക് വേണ്ടി വ്യൂ മൈ അക്കൗണ്ട് സേവനം ആരംഭിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ബാങ്കിടപാടുകളിലെ തട്ടിപ്പുകൾ തടയുന്നതിനും സ്വകാര്യത വർധിപ്പിക്കാനും പുതിയ സേവനത്തിലൂടെ സാധിക്കും.

ബാങ്ക് ഇടപാട് രംഗത്ത് തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സൗദി സെൻട്രൽ ബാങ്കിന്റെ നിർണായ നീക്കം. വ്യൂ മൈ അക്കൗണ്ട് എന്ന സേവനം ആരംഭിച്ചതിലൂടെ ഓരോ വ്യക്തിക്കും അവരവരുടെ പേരിലുള്ള അക്കൗണ്ടുകളുടെ വിശദാംശങ്ങൾ അറിയാനാകും. സ്വദേശികൾക്കും പ്രവാസികൾക്കും ഏറെ സഹായകരമാകുന്ന സേവനമാണിത്.

പ്രവാസികളുടെ പാസ്‌പോർട്ട്, ഇഖാമ തുടങ്ങിയ രേഖൾ ഉപയോഗിച്ചു കൊണ്ട് അവരറിയാതെ ബാങ്ക് അക്കൗണ്ടുകൾ നിർമ്മിക്കുകയും അനധികൃത ഇടപാടുകുൾ നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരം പല കേസുകളിലും നിരപരാധികളായ പ്രവാസികൾ പിടിയിലാകുമ്പോഴാണ് തങ്ങളുടെ പേരിൽ തങ്ങളറിയാത്ത അക്കൗണ്ടുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയാറുള്ളത്.

എന്നാൽ സമയുടെ പുതിയ സേവനമായ വ്യൂ മൈ അക്കൗണ്ട് സേവനം പ്രവർത്തന സജ്ജമാകുന്നതോടെ ഓരോരുത്തർക്കും അവരവരുടെ പേരിൽ ഏതെല്ലാം ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്ന് ഓൺലൈനിലൂടെ അറിയാൻ സാധിക്കും. കൂടാതെ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രവർത്തിക്കുന്ന അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയാൽ ഉടനടി അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും തട്ടിപ്പ് തടയാനും പുതിയ സേവനം സഹായകരമാകും.

Similar Posts