ബലിപെരുന്നാൾ പ്രമാണിച്ച് സൗദിയിലെ ബാങ്കുകൾക്ക് ഒരാഴ്ച അവധി
|- ബാങ്കുകൾക്ക് പുറമേ വിദേശ പണമിടപാട് സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും
ദമാം: സൗദിയിലെ ബാങ്കുകൾക്ക് ബലിപെരുന്നാളിനോടനുബന്ധിച്ച് ഒരാഴ്ചകാലം അവധിയായിരിക്കുമെന്ന് ദേശീയ ബാങ്കായ സാമ അറിയിച്ചു. ജൂലൈ ആറ് മുതൽ പന്ത്രണ്ട് വരെയാണ് അവധി ദിനങ്ങൾ. ഇതിനിടെ രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രിംകോടതി നിർദേശിച്ചു. ദുൽഖഹദ് ഇരുപത്തിയൊമ്പത് പൂർത്തിയാകുന്ന ബുധനാഴ്ച വൈകിട്ടാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.
ബലിപെരുന്നാളിനോടനുബന്ധിച്ച് സൗദിയിലെ മണിട്രാൻസ്ഫർ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 13 മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധരണനിലയിലാകും. ബാങ്കുകൾക്ക് പുറമേ വിദേശ പണമിടപാട് സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. എന്നാൽ മക്കയിലെയും മദീനയിലെയും, അതിർത്തി ചെക്ക്പോസ്റ്റുകളിലെയും ബാങ്ക് ശാഖകൾ ഹാജിമാരുടെ സൗകര്യം കണക്കിലെടുത്ത് മുഴുസമയം പ്രവർത്തിക്കും. ഇതിനിടെ രാജ്യത്ത് ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രിംകോടതി പൊതുജനങ്ങളോടാവശ്യപ്പെട്ടു. ദുൽഖഅദ് 29 പൂർത്തിയാകുന്ന ബുധനാഴ്ച വൈകിട്ടാണ് നിരീക്ഷണം നടത്തേണ്ടത്. മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതികളിൽ വിവരം ധരിപ്പിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.