Saudi Arabia
Being a language consultant for the movie Adu Jeeweetham was an exciting experience: Moosakutty Vettikkatiri
Saudi Arabia

'ആടുജീവിതം' സിനിമയുടെ ലാംഗ്വേജ് കൺസൽട്ടന്റായത് ആകാംക്ഷ നിറഞ്ഞ അനുഭവം: മൂസക്കുട്ടി വെട്ടിക്കാട്ടിരി

Web Desk
|
6 Aug 2024 9:40 AM GMT

എയർപോർട്ടിലെ എമിഗ്രേഷൻ ഓഫീസറായി മൂസക്കുട്ടി 'ആടു ജീവിത'ത്തിൽ വേഷം ചെയ്തിട്ടുണ്ട്

ജിദ്ദ: ജനങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മാധ്യമമെന്ന നിലയിൽ, സിനിമയെ ഉപയോഗപ്പെടുത്തണമെന്ന് 'ആടുജീവിതം' സിനിമയുടെ ലാംഗ്വേജ് കൺസൽട്ടന്റും 'ഗൾഫ് മാധ്യമം, മീഡിയവൺ' മുൻ ജിദ്ദ ബ്യൂറോ ഹെഡുമായിരുന്ന മൂസക്കുട്ടി വെട്ടിക്കാട്ടിരി പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ പണ്ഡിതനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ മൂസക്കുട്ടി വെട്ടിക്കാട്ടിരി തന്റെ സിനിമാ അനുഭവങ്ങൾ മാധ്യമ പ്രവർത്തകരുമായി പങ്കുവെച്ചു.

'ആടുജീവിതം' സിനിമയുടെ ഭാഗമായി പ്രവർത്തിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ അപൂർവവും ആകാംക്ഷ നിറഞ്ഞതുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'ആടുജീവിതം' സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുകൊണ്ട് ബ്ലെസി, പൃഥിരാജ് തുടങ്ങിയ പ്രമുഖരുമായി അടുത്ത് ഇടപഴകാൻ സാധിച്ചതും ജോർദാൻ, അൾജീരിയ ഉൾപ്പടെയുള്ള രാജ്യങ്ങളും സിനിമാ സെറ്റുകളും സന്ദർശിക്കാൻ അവസരം ലഭിച്ചതും അവിസ്മരണീയ അനുഭവങ്ങളും ഓർമകളുമാണ് സമ്മാനിച്ചതെന്ന് മൂസക്കുട്ടി പറഞ്ഞു. സിനിമയുടെ ഭാഗമാകാൻ സാധിച്ചതിനെ കുറിച്ചും ഷൂട്ടിങ്ങ് വിശേഷങ്ങളും അദ്ദേഹം മാധ്യമ പ്രവർത്തകരുമായി പങ്കുവെച്ചു.

ജിദ്ദയിൽ നിന്നും നാട്ടിലേക്ക് അവധിക്ക് പോയ സമയത്താണ് അപ്രതീക്ഷിതമായി ബ്ലെസിയുടെ ഫോൺ വിളി വരുന്നത്. നേരിട്ട് കാണമെന്നായിരുന്നു ആവശ്യം. സിനിമയായതിനാൽ ആദ്യമൊക്കെ മടിച്ച് നിന്നെങ്കിലും, പിന്നീട് വീണ്ടും ഇതേ ആവശ്യവുമായി ഫോൺ വിളിയെത്തി. ഒടുവിൽ കൂടിക്കാഴ്ചക്ക് സമ്മതം മൂളുകയായിരുന്നു. നേരത്തെ തന്നെ പരിചയമുള്ള ആളോടെന്നപോലെയായിരുന്നു ഫോൺ വിളിയും തുടർന്നുള്ള ബ്ലെസിയുടെ പെരുമാറ്റവും. മുൻ അധ്യാപകൻ കൂടി ആയിരുന്നതിനാലാകാം തന്നെ മാഷേ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. പിന്നീട് സെറ്റിൽ എല്ലാവരും അങ്ങിനെ തന്നെ അഭിസംബോധന ചെയ്തു.

സിനിമയിൽ കേവലം ഒരു ലാംഗ്വേജ് കൺസൽട്ടന്റ് മാത്രമായല്ല പ്രവർത്തിച്ചത്. അറബി ഭാഷയോടൊപ്പം അറേബ്യൻ സംസ്‌കാരവും അതിന്റെ തനിമയോടെ സിനിമയിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അതിനുള്ള പൂർണ സ്വാതന്ത്ര്യം സംവിധായകൻ നൽകിയിരുന്നു.

അറബികളായി യാതൊരു ബന്ധവുമില്ലാത്ത വിദേശ നടൻമാർ ആടുജീവിതത്തിൽ അറബികളായി വേഷമിട്ടിട്ടുണ്ട്. ഇവരെ അറബിയിലുള്ള ഡയലോഗുകളും അറേബ്യൻ സംസ്‌കാരവും പഠിപ്പിക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. എങ്കിലും സംവിധായകനായ ബ്ലെസിയുടെ പൂർണ പിന്തുണയുണ്ടായിരുന്നതിനാൽ ആർക്കും മുഷിപ്പില്ലാതെ ഭംഗിയായി അത് പൂർത്തീകരിക്കാൻ സാധിച്ചു. സ്‌പോട്ട് ഡബ്ബിംഗായിരുന്നു. അതിനാൽ അഭിനയത്തോടൊപ്പം തന്നെ ഡയലോഗുകളും അവയുടെ ഉച്ചാരണവും കൃത്യമാകണം എന്ന് തനിക്ക് നിർബന്ധമായിരുന്നു. അതിനാൽ തന്നെ ഏറെ സമയമെടുത്താണ് പല ഷോട്ടുകളുടെയും ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമ പ്രേക്ഷകരിലെത്തുന്നത് വരെയുള്ള നാളുകൾ താൻ ഏറെ അസ്വസ്ഥനായിരുന്നു. എന്നാൽ ജനങ്ങൾ ഇരു കയ്യും നീട്ടി ആടുജീവിതത്തെ സ്വീകരിച്ചതോടെ അസ്വസ്ഥതകളെല്ലാം സന്തോഷമായി മാറി -അദ്ദേഹം പറഞ്ഞു.

എയർപോർട്ടിലെ എമിഗ്രേഷൻ ഓഫീസറായി മൂസക്കുട്ടി ആടു ജീവിതത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. സംവിധായകന്റെയുൾപ്പെടെ നിർബന്ധത്തിന് വഴങ്ങിയാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അവസരം ലഭിച്ചപ്പോൾ സിനിമയുടെ ഭാഗമാകാൻ സാധിച്ചത് ഗുണം ചെയ്തുവെന്നും, മാറി നിന്നിരുന്നെങ്കിൽ ഒരു പുതിയ മേഖലയെ കുറിച്ചുള്ള വലിയ അറിവുകൾ നഷ്ടമായേനെയെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, ഗഫൂർ കൊണ്ടോട്ടി തുടങ്ങിയവർ സംസാരിച്ചു. പി.കെ സിറാജ് സ്വാഗതവും സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു.

Similar Posts