സൗദിയിലെ ബിനാമി ബിസിനസ്: കൂടുതലും ബഖാല, ബാർബർ, ഗ്യാസ് മേഖലയിൽ
|2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസ് കണ്ടെത്താനുള്ള പരിശോധന ശക്തമാക്കും
സൗദിയിലെ ബിനാമി ബിസിനസുകളിൽ ഭൂരിഭാഗവും ബഖാല, ബാർബർഷോപ്പ്, ഗ്യാസ് സ്റ്റേഷൻ മേഖലയിലാണെന്ന് ചേംബറിന്റെ റിപ്പോർട്ട്. നൂറുശതമാനമാണ് ഈ മേഖലയിലെ ബിനാമി ഇടപാടെന്നും ചേംബറിലെ കൊമേഴ്‌സ്യൽ കമ്മിറ്റി ചെയർമാൻ പറഞ്ഞു. ഇതു കണ്ടെത്താൻ പ്രത്യേക പരിശോധന നടത്താനാണ് നീക്കം.
സൗദിയിലെ ചേംബർ ഫെഡറേഷന്റെ ദേശീയ കൊമേഴ്‌സ്യൽ കമ്മിറ്റിയുടെ ചെയർമാൻ ഹാനി അൽ അഫ്‌ലഖാണ് ബിനാമി ബിസിനസിനെ കുറിച്ച് പരാമർശിച്ചത്. 2022 ഫെബ്രുവരിക്ക് ശേഷം ബിനാമി ബിസിനസ് കണ്ടെത്താനുള്ള പരിശോധന ശക്തമാക്കും. ചില മേഖലകളിൽ 100 ശതമാനവും വിദേശികളായ ബിനാമികളാണ് കച്ചവടം നടത്തുന്നത്. ബഖാലകൾ, ബാർബർ ഷോപ്പുകൾ, ഗ്യാസ് സ്റ്റേഷനുകൾ എന്നിവയാണ് ഇവയിൽ മുന്നിലുള്ളത്. ഈ മേഖലയിലെ ബിനാമി ബിസിനസ് കണ്ടെത്തൽ ശ്രമകരമാണ്. ഇതിനാൽ പ്രത്യേക പരിശോധനാ സംവിധാനം തന്നെ വേണ്ടി വരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഇതിനായി ഉപയോഗപ്പെടുത്തും. സ്ഥാപനത്തിലെ പണമിടപാട് ഓൺലൈൻ വഴി ഇതിനായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.