സൗദിയിൽ പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിൽ
|പ്രീമിയം ഇഖാമ ഹോൾഡർക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച് രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദമുണ്ടാകും
സൗദിയിൽ പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങൾ പ്രാബല്യത്തിലായി. സ്വദേശികൾക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡൻസി നേടുന്ന വിദേശിക്കും ലഭ്യമാകും. നിബന്ധനകൾക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനും അനുമതിയുണ്ടാകും. സൗദി ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ഹോൾഡർക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്.
ഹൃസ്വ ദീർഘകാലവധികളോട് കൂടിയാണ് പ്രീമിയം ഇഖാമകൾ അനുവദിക്കുക. പ്രീമിയം ഇഖാമ ഹോൾഡർക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച് രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദമുണ്ടാകും. കുടുംബ സമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യഭ്യാസ ആരോഗ്യ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരിക്കപ്പെട്ട തസ്തികകളിലുൾപ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകും. പ്രീമിയം ഇഖാമക്കുള്ള അപേക്ഷാ നടപടികൾ വേഗത്തിലാക്കാൻ പുതിയ സംവിധാനങ്ങളും പ്രത്യേക ഓഫീസുകളും ആരംഭിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.
Benefits for premium iqama holders come into effect in Saudi Arabia.