റിയാദിൽ കെഎംസിസിയുടെ കൂറ്റൻ ഇഫ്താർ
|സന്ദർശക വിസയിലെത്തിയ നിരവധി കുടുംബങ്ങളും ഇഫ്താറിനെത്തി.
റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഇഫ്താർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി. നാലായിരത്തോളം പേരാണ് അസീസിയയിലെ നെസ്റ്റോ ട്രെയിൻ മാളിൽ എത്തിയത്. സംഗമത്തിൽ അബ്ദുസ്സമദ് പൂക്കോട്ടുർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കെഎംസിസിയുടെ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
അവധിക്കാലമായതിനാൽ നാട്ടിൽ നിന്ന് സന്ദർശക വിസയിലെത്തിയ നിരവധി കുടുംബങ്ങളും ഇഫ്താറിനെത്തി. വനിതാ കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താറിന് രുചികരമായ വിഭവങ്ങൾ ഒരുക്കിയിരുന്നു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, അലി അക്ബർ, അഷ്റഫ് തങ്ങൾ ചെട്ടിപ്പടി, ഇന്ത്യൻ എംബസി പ്രതിനിധി പുഷ്പരാജ്, ജലീൽ തിരൂർ, യു.പി മുസ്തഫ, ഉസ്മാൻ അലി പാലത്തിങ്ങൽ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.
വനിതകൾക്കായി നടന്ന ഇഫ്താർ സംഗമത്തിൽ കെഎംസിസി പ്രസിഡന്റ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ഹസ്ബിന നാസർ എന്നിവർ നേതൃത്വം നൽകി. റിയാദിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഇഫ്താർ സംഗമമായിരുന്നു ഇത്.