Saudi Arabia
മക്കയിൽ ക്രെയിൻ പതിച്ച് നൂറിലേറെ പേർ മരിച്ച സംഭവം: ബിൻലാദൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ
Saudi Arabia

മക്കയിൽ ക്രെയിൻ പതിച്ച് നൂറിലേറെ പേർ മരിച്ച സംഭവം: ബിൻലാദൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ

Web Desk
|
14 Feb 2023 6:12 PM GMT

ഏഴ് ജീവനക്കാർക്ക് 3 മുതൽ 6 മാസം വരെ ജയിൽ

മക്കയിൽ ക്രയിൻ പതിച്ച് നൂറിലേറെ പേർ മരിച്ച സംഭവത്തിൽ ബിൻലാദൻ കമ്പനിക്ക് 20 മില്യൺ റിയാൽ പിഴ. ഏഴ് പ്രതികൾക്ക് തടവു ശിക്ഷയും പിഴയും മക്കാ ക്രിമിനൽ കോടതി വിധിച്ചു. കമ്പനിയെ കുറ്റവിമുക്തമാക്കിയ ആദ്യത്തെ വിധി റദ്ദാക്കിയാണ് പുതിയ ജഡ്ജിമാരുൾപ്പെടുന്ന പാനലിന്റെ വിധി.

2015 ക്രെയിനടപകടത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. സുരക്ഷാ നിയമങ്ങൾ ലംഘിച്ചതും അശ്രദ്ധയും മക്ക ക്രിമിനൽ കോടതി കണക്കിലെടുത്തു. കേസിൽ മൂന്നു പ്രതികൾക്ക് ആറ് മാസം തടവും 30,000 റിയാൽ പിഴയും ശിക്ഷയുണ്ട്. നാലു പേർക്ക് 3 മാസത്തെ തടവും 15,000 റിയാൽ പിഴയുമാണ് ശിക്ഷ. നിശ്ചിത സമയത്തിനകം കമ്പനി അപ്പീൽ പോയില്ലെങ്കിൽ ഈ വിധി അന്തിമമായിരിക്കും.

ഹജ്ജ് കർമങ്ങൾ തുടങ്ങാനിരിക്കെ 2015 സെപ്തംബർ 11നായിരുന്നു ക്രെയിനപകടം. മക്കയിലെ ഹറം പള്ളിയുടെ വികസന പ്രവർത്തനങ്ങൾക്കായുള്ള ക്രെയിൻ കനത്ത കാറ്റിലും മഴയിലും നിലംപതിക്കുകയായിരുന്നു. പള്ളിയിൽ നിറയെ ആളുള്ള സമയത്ത് ക്രയിൻ പതിച്ചതോടെ മലയാളി തീർത്ഥാടകയടക്കം 108 പേർ മരിച്ചു. ഇരുന്നൂറ്റി അമ്പതോളം പേർക്ക് പരിക്കുണ്ടായി. ഹറം നിർമാണ പ്രവൃത്തിയുടെ കോൺട്രാക്റ്റ് ബിൻലാദൻ കമ്പനിക്കായിരുന്നു. അതിനാൽ കമ്പനിയേയും ഉദ്യോഗസ്ഥരടക്കം പതിമൂന്ന് പേരെയും പ്രതിചേർത്ത് കേസെടുത്തു. മോശം കാലാവസ്ഥയെന്ന് ചൂണ്ടിക്കാട്ടി കീഴ്‌ക്കോടതിയും അപ്പീൽ കോടതിയും എല്ലാവരേയും വെറുതെ വിട്ടു. ഈ തീരുമാനമാണ് സുപ്രിംകോടതി റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കേസിനൊടുവിലാണ് പുതിയ വിധി.


Bin Laden's company fined 20 million riyals for the incident in which more than 100 people died when the crane fell in Mecca.

Similar Posts