ബുള്‍ഡോസറുകള്‍ കൊണ്ട് സമരവീര്യത്തെ തകര്‍ക്കാനാവില്ലെന്ന് പ്രവാസി സാംസ്കാരിക വേദി
|ദമ്മാം: ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചക നിന്ദയ്ക്കെതിരെ പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് വംശഹത്യ അജണ്ടയുടെ പുതിയ ഘട്ടമാണെന്നും, ഇതുകൊണ്ടൊന്നും സമരവീര്യത്തെ തകര്‍ക്കാനാവില്ലെന്നും പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജീയണല്‍ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
വെല്‍ഫയര്‍ പാര്‍ട്ടി ഫെഡറല്‍ കമ്മിറ്റിയംഗം ജവേദ് അഹമ്മദിന്റെ അലഹാബാദിലെ വീട് ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തിയത് നിയമ വിരുദ്ധമാണ്. അദ്ദേഹവും മകള്‍ അഫ്രീന് ഫാത്തിമയും സംഘപരിവാരത്തിനെതിരെ ശബ്ദിച്ചു എന്നത് മാത്രമാണ് ഇതിന് കാരണം. കണ്ണില്‍ പൊടിയിടാന്‍ വേണ്ടി ഒട്ടിച്ച നോട്ടീസ് പോലും വീട്ടുടമയുടെ പേരിലല്ല എന്നത് ഇതിന് തെളിവാണ്. എന്നിട്ടും രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനത്തിലാണ്.
ജനാധിപത്യത്തിന്റെ നാലാംതൂണ് ആവേണ്ട മാധ്യമങ്ങളും ഇക്കാര്യത്തില്‍ നീതിക്കൊപ്പമല്ല നില്‍ക്കുന്നത്. ഇനി ഇന്ത്യയില്‍ തെരുവ് പ്രക്ഷോഭം മാത്രമാണ് ഏക പോംവഴി. പൗരത്വ പ്രക്ഷോഭത്തെ ജനകീയമാക്കുന്നതിലും പാരമ്പര്യ പാര്‍ട്ടികളെക്കൊണ്ട് അത് ഏറ്റെടുപ്പിക്കുന്നതിലും മുന്‍കൈ എടുത്ത വെല്‍ഫയര്‍ പാര്‍ട്ടിയാണ് ഇപ്പോഴത്തെ സമരത്തിനു മുന്നിലും ഉള്ളതെന്നും അവര്‍ പറഞ്ഞു. വെല്‍ഫയര്‍ പാര്‍ട്ടി പ്രഖ്യാപിച്ച എയര്‍പ്പോര്‍ട്ട് മാര്‍ച്ചിന് സംഗമത്തില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു.
കമ്മിറ്റി പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം അധ്യക്ഷനായിരുന്നു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ മുഹ്സിന് ആറ്റാശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ദമ്മാം ടൗണ്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി മുജീബ് കൊളത്തൂര്‍, പ്രവാസി നാഷണല്‍ കമ്മിറ്റിയംഗം സമീഉല്ല എന്നിവര്‍ സംസാരിച്ചു. ഷക്കീര്‍ ബിലാവിനകത്ത് സ്വാഗതവും റൗഫ് ചാവക്കാട് നന്ദിയും പറഞ്ഞു.