ലോകകപ്പ് കാണാൻ സൗദിയിൽ നിന്ന് ഖത്തറിലേക്ക് സൗജന്യ ബസ് സർവീസ്
|ദിവസം 55 സര്‍വീസുകള്‍ നടത്തുമെന്ന് സൗദി ഗതാഗത മന്ത്രാലയം
ദമ്മാം: സൗദിയിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം പകർന്ന് സൗദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ഖത്തര്‍ ലോകകപ്പ് വീക്ഷിക്കാന്‍ സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു. സൗദി- ഖത്തര്‍ അതിര്‍ത്തിയായ അല്‍ഹസയിലെ സല്‍വ അതിര്‍ത്തി വഴിയാണ് ബസ് സര്‍വീസ് നടത്തുക. ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത് മുതല്‍ എല്ലാ ദിവസവും മുഴുസമയ സര്‍വീസ് നടത്തും.
ദിവസം അന്‍പത്തിയഞ്ച് സര്‍വീസുകളാണ് ഇത്തരത്തില്‍ സൗജന്യമായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗതാഗത ലോജിസ്റ്റിക്സ് മന്ത്രാലയ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സേവനം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഗതാഗത മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിന് പുറമേ രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി ഖത്തര്‍ യാത്ര നടത്തുന്നവരുടെ എയര്‍പോര്‍ട്ട് യാത്ര എളുപ്പമാക്കുന്നതിന് മൂന്ന് പ്രധാന വിമാനത്താവളങ്ങളിലേക്ക് ബസ് ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തും. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസിനായി 142 ബസുകള്‍ സജ്ജമാക്കിയതായും മന്ത്രാലയം അറിയിച്ചു.