സൗദിയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ സേവനം വിപുലീകരിച്ചു; എല്ലാ രാജ്യക്കാർക്കും വിസ അനുവദിക്കും
|സൗദിയിലെ വിദേശികളായ നിക്ഷേപകർക്കാണ് ഈ സേവനം ലഭ്യമാകുക.
സൗദിയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ സേവനം വിപുലീകരിച്ചു. ഇനി മുതൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഓൺലൈനായി ബിസിനസ് വിസിറ്റ് വിസ നേടാനാകും. സൗദിയിലെ വിദേശികളായ നിക്ഷേപകർക്കാണ് ഈ സേവനം ലഭ്യമാകുക.
കഴിഞ്ഞ ജൂണിലാണ് വിദേശ നിക്ഷേപകർക്കുള്ള ബിസിനസ് വിസിറ്റ് വിസ സംവിധാനം സൗദി ആരംഭിച്ചത്. എന്നാൽ ഇത് വരെ ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രം പരിമിതമായിരുന്നു ഈ സേവനം. ഇനി മുതൽ എല്ലാ രാജ്യത്തിൽ നിന്നുമുള്ള നിക്ഷേപകർക്കും ഓൺലൈനായി ബിസിനസ്സ് സന്ദർശക വിസ നേടാനാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് ബിസിനസ് വിസ സേവനം നടപ്പാക്കുന്നത്. ഒരു വർഷമാണ് വിസയുടെ കാലാവധി. ഇതിനിടെ പല തവണ സൗദിയിലേക്ക് വരാനും പുറത്ത് പോകാനും അനുവാദമുണ്ടാകും.
ലളിതമായ നടപടിക്രമങ്ങളിലൂടെ ഓൺലൈനായി തന്നെ വിസ നേടാം. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പോർട്ടലിലാണ് 'വിസിറ്റർ ഇൻവെസ്റ്റർ' എന്ന പേരിലുള്ള ബിസിനസ് വിസിറ്റ് വിസക്ക് അപേക്ഷിക്കേണ്ടത്. കാലതാമസമില്ലാതെ തന്നെ വിസ അപേക്ഷകന് ഇമെയിലിൽ ലഭിക്കും. സൗദിയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദേശികളായ സംരഭകരുടെ യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് വിസ നടപടികൾ ലളിതമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വിദേശ നിക്ഷേപകർക്കും ജീവനക്കാർക്കും ഈ വിസ സേവനം ഉപയോഗപ്പെടുത്താമന്നും നിക്ഷേപ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അബു ഹുസൈൻ പറഞ്ഞു.