സൗദിയിൽ കാർ ഒട്ടകത്തിലിടിച്ച സംഭവം: പരിക്കേറ്റ ഡ്രൈവറും മരിച്ചു
|അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണ്
സൗദിയിൽ കാർ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന മലപ്പുറം പുകയൂർ സ്വദേശി കൊളക്കാടൻ അബ്ദുൽ റഊഫാ(37)ണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ പരിക്കേറ്റ രണ്ട് പേർകൂടി ഗുരുതരാവസ്ഥയിലാണ്.
ഞായറാഴ്ച മദീനയിൽ നിന്ന് ജിദ്ദയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു കാർ ഒട്ടകത്തിലിടിച്ചത്. അബ്ദുൽ റഊഫ് ഓടിച്ചിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്. എട്ട് വർഷത്തോളമായി ജിദ്ദ ശറഫിയ്യയിലെ മൗലവി ജനറൽ സർവ്വീസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. അപകടത്തിൽ മലപ്പുറം തുവ്വൂർ സ്വദേശി റിഷാദ് അലി നേരത്തെ മരിച്ചിരുന്നു. മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫർസീന, നാട്ടുകാരനായ നൗഫലിന്റെ ഭാര്യമാതാവ് റംല എന്നിവർ ഗുരുതരാവസ്ഥയിൽ ജിദ്ദ ഒബ്ഹൂറിലെ കിംങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച റിഷാദ് അലിയുടെ മൂന്ന് വയസ്സുള്ള മകളും, നൗഫലിന്റെ ഭാര്യ റിൻസിലയും കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. റിൻസിലയുടെ 16 വയസ്സുള്ള സഹോദരനും സുഖംപ്രാപിച്ച് വരുന്നതായി ബന്ധുക്കൾ അറിയിച്ചു.