Saudi Arabia
DIFA seminar
Saudi Arabia

സൗദിയില്‍ വനിതകൾക്ക് തൊഴിൽ അവസരങ്ങൾ; ഡിഫ സെമിനാർ സംഘടിപ്പിച്ചു

Web Desk
|
23 Jun 2023 4:46 PM GMT

നിലവില്‍ സൗദി അറേബ്യയിൽ സംജാതമായ അനുകൂല മാറ്റങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി പ്രവാസികളായ വനിതകളും, കുടുംബിനികളും തൊഴിൽ ബിസ്സിനസ്സ് മേഖല‌ളിലെ സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റണമെന്ന് ബിസിനസ് കണ്‍സള്‍ട്ടന്‍റും, മോട്ടിവേഷൻ സ്പീക്കറുമായ നജീബ് മുസ്‌ലിയാരകത്ത് അഭിപ്രായപ്പെട്ടു.

വനിതകള്‍ക്ക് സൗദി അറേബ്യയിലെ തൊഴില്‍-ബിസിനസ് രംഗത്ത് കടന്ന് വരുവാനുള്ള വഴികളെ കുറിച്ചും, പുതുതായിട്ടുള്ള ജോലി സാധ്യതകളെ കുറിച്ചും അറിവ് നൽകുന്നതിനായി ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദി ഭരണകൂടം പ്രഖ്യാപിച്ച മിഷൻ 2030- ന്റെ ഭാഗമായി നിയമപരമായും, വാണിജ്യ പരമായുള്ള അനുകൂല പരിഷ്കാരങ്ങൾ പ്രവാസികൾക്ക് കിട്ടിയ സുവർണ്ണ അവസരങ്ങളാണെന്നും, ലോകത്ത് മറ്റുള്ള രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ സൗദിയിൽ നിലവിൽ ധാരാളം തൊഴിൽ -വ്യാപാര അവസരങ്ങൾ കൈവന്നിട്ടുണ്ടെന്നും, ഇത് രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ടെന്നും, ഈ മാറ്റങ്ങളെ പ്രയോജനപ്പെടുത്താൻ നിശ്ചയദാർഢ്യം ഉണ്ടെങ്കിൽ പ്രവാസികൾക്കും വിസ്മയങ്ങള്‍ സ്യഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദമാം അല്‍ റയാന്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡിഫ പ്രസിഡണ്ട്‌ മുജീബ് കളത്തിൽ ആമുഖമായി സംസാരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. സിന്ധു ബിനു(ഒഐസിസി), സാജിത നഹ(കെഎംസിസി), അനു രാജേഷ് (നവോദയ), സുനില സലീം (പ്രവാസി സാംസ്കാരിക വേദി), ഹുസ്ന ആസിഫ് (വേൾഡ് മലയാളി കൗൺസിൽ), ഡോ. അമിത ബഷീർ (സൗദി മലയാളി സമാജം), അഡ്വ. ഷഹന (ദമ്മാം നാടക വേദി )എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.നേരിട്ടും ഓൺ ലൈനായും ഉള്ള സംശയ നിവാരണ സെഷൻ പരിപാടിയെ വ്യത്യസ്തമാക്കി.

ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ അഷ്‌റഫ്‌ എടവണ്ണ, ലിയാകത്ത് കരങ്ങാടന്‍, മൻസൂർ മങ്കട, സക്കീർ വള്ളക്കടവ്, സഹീർ മജ്ദാൽ, മുജീബ് പാറമ്മൽ, റിയാസ് പറളി, ജാബിർ ഷൗക്കത്ത് തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്ക് നാസർ വെള്ളിയത്ത് സ്വാഗതവും, ഷനൂബ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

Similar Posts