സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷാഫലം; ഗൾഫ് സ്കൂളുകൾക്ക് മികച്ച വിജയം
|ഗൾഫിലെ മിക്ക ഇന്ത്യൻ വിദ്യാലയങ്ങളും മികച്ച വിജയം കൈവരിച്ചു.
സി.ബി.എസ്.ഇ പരീക്ഷാഫലം വൈകുന്നത് പ്ലസ് വൺ, ഡിഗ്രി പ്രവേശനങ്ങളെ ബാധിക്കുമെന്ന ആശങ്കകൾക്ക് ഇടയിലാണ് ഇന്ന് സി.ബി.എസ്.ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. ഗൾഫിലെ മിക്ക ഇന്ത്യൻ വിദ്യാലയങ്ങളും മികച്ച വിജയം കൈവരിച്ചു.
അബൂദബി എമിറേറ്റ്സ് ഫ്യൂചർ ഇന്റർനാഷനൽ അക്കാദമി, ദുബൈ ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ, അബൂദബി മോഡൽ സ്കൂൾ, അൽഐൻ ഒയാസിസ് ഇൻറർനാഷണൽ സ്കൂൾ, ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ, ദുബൈ ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ തുടങ്ങിയവയെല്ലാം നൂറുമേനി വിജയം കൊയ്തു.
ഗൾഫ് ഇന്ത്യൻ ഹൈസ്കൂളിന്റെ വിജയാഹ്ലാദത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ചെയർമാൻ ജോൺ എം. തോമസ് ഒപ്പമില്ലാത്തത് വിദ്യാർഥികളെയും അധ്യാപകരെയും സങ്കടത്തിലാഴ്ത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ചെയർമാൻ ജോൺ എം. തോമസ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലിയായി ഈ വർഷത്തെ നൂറുമേനി വിജയം സമർപ്പിക്കുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി പറഞ്ഞു.
സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം വൈകുന്നതിൽ പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. യു.ജി.സി ബിരുദ പ്രവേശനത്തിനുള്ള അവസാന തിയ്യതി സി.ബി.എസ്.ഇ പരീക്ഷ ഫലം വന്ന ശേഷമായിരിക്കണമെന്ന് നിർദേശിച്ചത് ആശ്വാസമായി. അവസാന ഘട്ടത്തിൽ ഇഷ്ട വിഷയങ്ങൾക്ക് സീറ്റ് ലഭിക്കുമെന്നതിൽ ഉറപ്പില്ലെന്ന് വിദ്യാർഥികൾ പറയുന്നു. കേരളത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികളും പൂർത്തിയായി വരുന്ന സാഹചര്യത്തിൽ പത്താം ക്ലാസ് ഫലം വൈകുന്നതിലും ആശങ്കയുണ്ടായിരുന്നു.