ശക്തമായ മഴയ്ക്ക് സാധ്യത; സൗദിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
|വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സൌദിയിൽ ശക്തമായ മഴക്കുള്ള സാധ്യത പരിഗണിച്ച് നാളെ മക്ക മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു..
വെള്ളിയാഴ്ച വരെ രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വ്യാഴാഴ്ച മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മക്ക മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളും ജീവനക്കാരും സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരാകേണ്ടതില്ല.എന്നാൽ വിദൂര സംവിധാനത്തിലൂടെ പഠനം തുടരുന്നതാണ്.
മക്ക, ജുമൂം, ബഹ്‌റ, അൽ-കാമിൽ, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. ഇവിടെയും വിദൂര സംവിധാനം വഴി പഠനം തുടരുന്നതാണ്. മക്ക മേഖലയിൽ ഇന്ന് മുതൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ജിദ്ദയിൽ നവംബർ 24ന് ഉണ്ടായത് പോലെയുള്ള ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. റിയാദുൾപ്പെടെയുള്ള മധ്യ പ്രവശ്യകളിൽ കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസിനും താഴെയെത്തും, തബൂക്കിലെ ഹൈറേഞ്ചുകളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും, രാജ്യത്തുടനീളം ശീതകാലത്തിന് തുടക്കമായതായും കാലാവസ്ഥ നീരക്ഷണ കേന്ദ്രം അറിയിച്ചു.