റമദാൻ: സൗദി നഗരങ്ങളിൽ ട്രക്കുകളുടെ പ്രവേശന സമയത്തിൽ മാറ്റം
|സൗദി ട്രാഫിക് ഡയറക്ട്രേറ്റാണ് സമയം പുതുക്കി നിശ്ചയിച്ചത്
റിയാദ്: റമദാൻ പ്രമാണിച്ച് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിൽ ട്രക്കുകൾക്കുള്ള പ്രവേശന സമയത്തിൽ മാറ്റം വരുത്തി. റിയാദ്, ജിദ്ദ, ദമ്മാം, ദഹറാൻ, അൽഖോബാർ നഗരങ്ങളിലെ റോഡുകളിലാണ് നിയന്ത്രണമുണ്ടാകുക. സൗദി ട്രാഫിക് ഡയറക്ട്രേറ്റാണ് സമയം പുതുക്കി നിശ്ചയിച്ചത്.
ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളിലാണ് റിയാദിൽ രാവിലെ എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുള്ള സമയങ്ങളിൽ ട്രക്കുകളുടെ പ്രവേശനം വിലക്കിയത്. എന്നാൽ അവശ്യ സേവനങ്ങൾക്കുള്ള ട്രക്കുകൾക്ക് ഇതിൽ ഇളവ് ലഭിക്കും. സേവന ട്രക്കുകൾക്ക് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെയും വൈകിട്ട് മൂന്ന് മുതൽ ആറു വരെയുമാണ് നിയന്ത്രണമുണ്ടാകുക.
വെള്ളി, ശനി ദിവസങ്ങളിൽ റിയാദിൽ വൈകിട്ട് നാല് മുതൽ രാവിലെ എട്ട് വരെ അവശ്യ സർവീസുകളൊഴിച്ചുള്ള ട്രക്കുകൾക്ക് നിയന്ത്രണമുണ്ടാകും. ജിദ്ദയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഏഴ് വരെയും രാത്രി ഒൻപത് മുതൽ പുലർച്ചെ ഒരു മണിവരെയും പ്രവൃത്തി ദിവസങ്ങളിൽ നിയന്ത്രമുണ്ടാകും. വാരാന്ത്യ ദിനങ്ങളിൽ ഇളവ് നൽകിയ ട്രക്കുകളൊഴിച്ചുള്ളവക്ക് വൈകിട്ട് നാല് മുതൽ ഏഴ് വരെയും രാത്രി ഒൻപത് മുതൽ പുലർച്ചെ മൂന്ന് വരെയും വിലക്ക് തുടരും. ജല ടാങ്കറുകളെയും മാലിന്യ ശേഖരണ ട്രക്കുകളെയും നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിട്ടുണ്ട്. ദമ്മാം, ദഹറാൻ, അൽഖോബാർ നഗരങ്ങളിൽ മൂന്ന്ട ഘട്ടങ്ങളിലായാണ് നിയന്ത്രണം. രാവിലെ ഒമ്പത് മുതൽ പതിനൊന്ന് വരെയും, വൈകിട്ട് മൂന്ന് മുതൽ ആറു വരെയും, രാത്രി ഒമ്പത് മുതൽ അർധരാത്രി പന്ത്രണ്ട് വരെയുമാണ് നിയന്ത്രണം.
Change in entry time of trucks in Saudi cities during Ramadan