റമദാനിൽ റൗദയിലേക്കുള്ള പ്രവേശന സമയത്തിൽ മാറ്റം: പെർമിറ്റെടുക്കാതെ പ്രവേശനമില്ല
|പ്രവാചകൻ്റെ പളളിയിൽ നമസ്കരിക്കുന്നതിനോ, ഖബറിടം സന്ദർശിക്കുന്നതിനോ പെർമിറ്റ് ആവശ്യമില്ല
റമദാനിൽ മദീനയിലെ റൗദ ശരീഫിലേക്കുള്ള പ്രവേശന സമയങ്ങൾ പുനക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. പെർമിറ്റ് എടുത്തവർക്ക് മാത്രമേ റൌദാ ശരീഫിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
എന്നാൽ പ്രവാചകൻ്റെ പളളിയിൽ നമസ്കരിക്കുന്നതിനോ, ഖബറിടം സന്ദർശിക്കുന്നതിനോ പെർമിറ്റ് ആവശ്യമില്ലെന്നും മസ്ജിദ് നബവി കാര്യാലയം വ്യക്തമാക്കി. റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് മദീനയിൽ മസ്ജിദു നബവിയിലെ റൌദാ ശരീഫിലേക്കുള്ള പ്രവേശനം പുനക്രമീകരിച്ചത്. റമദാൻ 1 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ പുരുഷന്മാർക്ക് പുലർച്ചെ രണ്ടര മുതൽ സുബ്ഹി നമസ്കാരം വരെയും രാവിലെ പതിനൊന്നര മുതൽ ഇശാ നമസ്കാരം വരെയും പ്രവേശനം നൽകും.
എന്നാൽ ഈ ദിവസങ്ങളിൽ സ്ത്രീകൾക്ക് സുബ്ഹി നമസ്കാര ശേഷം മുതൽ രാവിലെ പതിനൊന്നു വരെയും രാത്രി പതിനൊന്നു മുതൽ പുലർച്ചെ രണ്ടു മണി വരെയുമാണ് പ്രവേശനം അനുവദിക്കുക. അതേ സമയം റമദാൻ 20 മുതൽ അവസാനിക്കുന്നത് വരെ പ്രവേശന സമയങ്ങളിൽ മാറ്റമുണ്ടാകുമെന്നും മസ്ജിദ് നബവി കാര്യാലയം അറിയിച്ചു.
നുസ്ക്, തവക്കൽനാ ആപ്പുകൾ വഴി പെർമിറ്റെടുത്തവർക്ക് സമയക്രമം പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. എന്നാൽ മസ്ജിദ് നബവയിൽ നമസ്കരിക്കുന്നതിനും, പ്രവാചകൻ്റെയും അനുചരന്മാരുടേയും ഖബറിടം സന്ദർശിക്കുന്നതിനും പെർമിറ്റ് ആവശ്യമില്ലെന്നും മസ്ജിദ് നബവി കാര്യാലയം വ്യക്തമാക്കി. മസ്ജിദുന്നബവിയുടെ തെക്കു ഭാഗത്തുള്ള 37-ാം നമ്പർ കവാടത്തിനു എതിർവശത്താണ് സ്ത്രീപുരുഷന്മാർക്ക് റൗദയിൽ പ്രവേശിക്കാനുള്ള കവാടങ്ങൾ.