സൗദിയിൽ കാലാവസ്ഥാ മാറ്റം; ചർമ രോഗങ്ങൾക്ക് സാധ്യത, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം
|ശരത് കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിലാണ് സൗദിയിപ്പോൾ.
ജിദ്ദ: കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി സൗദിയിലെ പല ഭാഗങ്ങളിലും താപനില കുറയുന്നതായി റിപ്പോർട്ട്. കാലാവസ്ഥയിലെ മാറ്റം പലരിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാൻ കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ശരത് കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിലാണ് സൗദിയിപ്പോൾ. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കാലാവസ്ഥയിലെ പെട്ടെന്നുള്ള ഈ മാറ്റം പലരിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
തണുപ്പ് കൂടുമ്പോൾ കൈ കാലുകളിലെ വിരലുകളിലും മൂക്ക്, ചെവി, കവിൾ, ചുണ്ട് എന്നിവകളിലും ചർമ രോഗങ്ങൾക്ക് സാധ്യതയുണ്ട്. ചർമത്തിൽ വീക്കമുണ്ടാവുക, ചുവപ്പോ, അല്ലങ്കിൽ കടും നീലനിറമോ പ്രത്യക്ഷപ്പെടുക, മുറിവുകളുണ്ടാകുക, ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങിയവും കാലാവസ്ഥാ മാറ്റത്തിൻ്റെ ഭാഗമായുണ്ടാകാനിടയുണ്ട്. ശരീരത്തിൻ്റെ താപനില കുറയുകയും അതുമൂലം ഇൻഫെക്ഷനുള്ള സാധ്യതയും ഏറെയാണ്. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ ചികിത്സ തേടണമെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
അതേസമയം, സൗദിയില്‍ പരക്കെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. മക്ക, മദീന റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയിലാകും പൊടിക്കാറ്റ് അനുഭവപ്പെടുക. രാജ്യം ശൈത്യത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി വിവിധ ഭാഗങ്ങളില്‍ മഴ അനുഭവപ്പെടുന്നുണ്ട്.