റിയാദില്‍ അതിശൈത്യം; കുട്ടികളെ കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിക്കണമെന്ന് മുന്നറിയിപ്പ്
|വരും ദിവസങ്ങളില്‍ വനപ്രദേശങ്ങളിലേക്കോ പാര്‍ക്കുകളിലേക്കോ തുറസ്സായ പ്രദേശങ്ങളിലേക്കോ ഉള്ള സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ച് രാത്രി സമയത്ത് യുവാക്കള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു
വരും ദിവസങ്ങളില്‍ റിയാദിന്റെ പല മേഖലകളും അതിശൈത്യത്തിലാകുമെന്ന് കാലാവസ്ഥാ ഗവേഷകന് അബ്ദുല്‍ അസീസ് അല്‍ ഹുസൈനിയുടെ മുന്നറിയിപ്പ്. ഞായറാഴ്ച മുതല്‍ സ്കൂളുകള്‍ ആരംഭിക്കുന്നതിനാല്‍ കുട്ടികളെ കൊടും തണുപ്പില്‍നിന്ന് സംരക്ഷിക്കാനാവശ്യമായ തയ്യാറെടുപ്പകള്‍ നടത്തണമെന്ന് പ്രദേശത്തെ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ലൗസ് മലനിരകളിലെപ്പോലെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകില്ലെങ്കിലും അതിശൈത്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ കുട്ടികളുടെ പഠനത്തെ ഇത് ബാധിക്കില്ല.
അതിരാവിലെ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളെ തണുപ്പിനെ പ്രതിരോധിക്കുന്ന കട്ടിയുള്ള വസ്ത്രം ധരിപ്പിക്കണമെന്നും, കോവിഡ് കുത്തിവയ്പടക്കമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും റിയാദ്, ഖാസിം, വടക്കന്‍ അതിര്‍ത്തികള്‍, തബൂക്ക്, അല്‍ ജൗഫ്, കിഴക്കന്‍ പ്രവിശ്യ തുടങ്ങിയ പ്രദേശങ്ങളിലെ രക്ഷിതാക്കളോട് അദ്ദേഹം ഉപദേശിച്ചു.
അത്യാവശ്യങ്ങള്‍ക്കുമാത്രം പുറത്തിറങ്ങുക, മുഖാവരണം ധരിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ ഇരിക്കുന്നത് ഒഴിവാക്കുക, ക്ലാസ് മുറികളില്‍നിന്നോ വീടുകളില്‍നിന്നോ പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ കുട്ടികളെ ശക്തമായ തണുപ്പില്‍നിന്ന് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളില്‍ വനപ്രദേശങ്ങളിലേക്കോ പാര്‍ക്കുകളിലേക്കോ തുറസ്സായ പ്രദേശങ്ങളിലേക്കോ ഉള്ള സന്ദര്‍ശനങ്ങള്‍ പ്രത്യേകിച്ച് രാത്രി സമയത്ത് യുവാക്കള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.