സൗദിയിൽ തപാൽ നിയമ ലംഘനങ്ങൾ തടയാൻ കമ്മിറ്റി
|സൗദിയിൽ തപാൽ നിയമ ലംഘനങ്ങൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുന്നു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഡയറക്ടർ ബോർഡാണ് പുതിയ കമ്മിറ്റിക്ക് അംഗീകാരം നൽകിയത്. തപാൽ നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും കമ്മിറ്റി പ്രവർത്തിക്കും.
അതോറിറ്റി ഇതിനകം കണ്ടെത്തിയ 77 നിയമ ലംഘനങ്ങളെ തരം തിരിച്ച് നടപടി സ്വീകരിക്കും. ഒപ്പം ചട്ടം ലംഘിക്കുന്നവർക്കെതിരെയുള്ള ശിക്ഷാ നടപടികൾ നിർണയിക്കുന്നതിനും സമിതി പഠനം നടത്തും.
രാജ്യത്തെ തപാൽ സേവനം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് നീതിയുക്തമായ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനും ഇത് വഴി ലക്ഷ്യമിടുന്നു. നിയമ ലംഘനങ്ങളിലേർപ്പെടുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും അൻപത് ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
ഒപ്പം നിയമ ലംഘനത്തിന് വിധേയമായ സ്ഥാപനത്തിന്റെ സേവനം നിർത്തുന്നതിനും ലൈസൻസ് റദ്ദ് ചെയ്യുന്നതിനും നിയമം ശുപാർശ ചെയ്യുന്നുണ്ട്. ലംഘനങ്ങളുടെ ഗൗരവമനുസരിച്ചാണ് ശിക്ഷാ നടപടികൾ നിർണയിക്കുക.