നിർമാണത്തിലെ അപാകത; ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിക്കുന്നു
|സുരക്ഷയും വികസനവും കയ്യേറ്റമൊഴിപ്പിക്കലും ലക്ഷ്യമിട്ടാണ് നടപടി
സൗദിയുടെ ജിദ്ദയിൽ വ്യാപകമായി കെട്ടിടങ്ങൾ പൊളിക്കുന്നു. പ്രവാസികളുടെ ഇഷ്ട കേന്ദ്രങ്ങളായ ഷറഫിയ്യ, ബാഗ്ദാദിയ്യ എന്നീ ഭാഗങ്ങളിലെ പല കെട്ടിടങ്ങളും പൊളിച്ചു കഴിഞ്ഞു. നിർമാണത്തിലെ അപാകതക്കനുസരിച്ച് പുതിയതും പഴയതുമായ കെട്ടിടങ്ങൾ പൊളിച്ചവയിൽ പെടും. റോഡ് കയ്യേറ്റം ഒഴിപ്പിക്കലും വികസനവും പദ്ധതിയുടെ ഭാഗമാണ്. ജൂലൈ ഒന്നിന് സൗദി അറേബ്യയിൽ നടപ്പാക്കിയ സൗദി ബിൽഡിങ് കോഡ് പദ്ധതിയാണ് ജിദ്ദയിൽ പ്രായോഗികമാക്കുന്നത്. പുതിയ എല്ലാ നിർമാണങ്ങൾക്കും ഈ ചട്ടം ബാധകമാണ്. പുറമെ, നിലവിലുള്ള കെട്ടിടങ്ങളും പരിശോധിച്ചു. അശാസ്ത്രീയ നിർമാണം കണ്ടെത്തുന്ന കെട്ടിടങ്ങൾ പുതിയതാണെങ്കിലും പൊളിച്ചു മാറ്റും.
പഴയ കെട്ടിടങ്ങളും മുന്നറിയിപ്പ് നൽകി പൊളിച്ചു മാറ്റും. മൂന്ന് ഘട്ടമായി നൽകിയ മുന്നറിയിപ്പിന് ശേഷമാണ് പൊളിച്ചു മാറ്റൽ. കയ്യേറ്റം നടത്തിയ കെട്ടിടങ്ങൾക്കും അനധികൃതമായി നിർമിച്ചവക്കും രണ്ടു ദിവസം മുമ്പ് മാത്രമാണ് മുന്നറിയിപ്പ് നൽകുന്നത്. മുനിസിപ്പാലിറ്റി, ആഭ്യന്തരം, ഊർജം, സാസോ എന്നിവരുടെ സംയുക്ത സംഘമാണ് പൊളിക്കേണ്ട കെട്ടിടങ്ങൾ രേഖപ്പെടുത്തുക. ജിദ്ദയുടെ എല്ലാ ഭാഗങ്ങളിലും ഇത് ബാധകമാണ്. പദ്ധതി നടപ്പാക്കി തുടങ്ങിയതോടെ പുത്തൻ പുതിയ തെരുവായി പരിണമിക്കുകയായണ് ശറഫിയ്യ. കൂടുതൽ വാഹനങ്ങൾക്ക് പാർക്കിങിനുള്ള സൗകര്യം ഇവിടെ ഒരുക്കിത്തുടങ്ങിയിട്ടുണ്ട്.
ഗ്രാമകാര്യ മന്ത്രാലയത്തിന്റെ കയ്യിൽ ഓരോ ഭാഗത്തേയും കയ്യേറ്റങ്ങളുടെ രേഖയുണ്ട്. ഇതു കണക്കാക്കി പല ഭാഗത്തെയും നിർമാണങ്ങൾ നീക്കി പുതിയ റോഡുകൾ നിർമിക്കും. ഇതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറും. ഓരോ ഭാഗങ്ങളിലും കെട്ടിടം പൊളിക്കുമ്പോൾ പുതിയ കെട്ടിടങ്ങളിലേക്ക് മാറുകയാണ് പ്രവാസികൾ. മുന്നറിയിപ്പ് കിട്ടിയവർ നേരത്തെ തന്നെ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. പല ഭാഗത്തും വാടകയും ഉയർന്നിട്ടുണ്ട്. പുതിയ നീക്കം മാർക്കറ്റിൽ താൽക്കാലികമായ പ്രയാസമുണ്ടാക്കുമെന്ന് സൗദി അറേബ്യയിലെ ഏജൻസികൾ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അത് താൽക്കാലികമാണെന്നും ഇങ്ങനെ മാറാതെ ജിദ്ദക്ക് ഭാവിയില്ലെന്നും റിപ്പോർട്ടിലുണ്ട്. അതിനാൽ പ്രവാസം അവസാനിക്കുന്നുവെന്നൊക്കെയുള്ള ചർച്ച അസ്ഥാനത്താണ്. അക്കാര്യം ഇന്നാട്ടിൽ പതിറ്റാണ്ടുകൾ കഴിഞ്ഞവർ തന്നെ ആണയിടുന്നു.
റിയാദ് ഉൾപ്പെടെയുള്ള ഇതര നഗരങ്ങളിലും പൊളിച്ചടുക്കലുണ്ടാകും. രേഖയില്ലാതെ താമസിക്കുന്നവരുടെ ഇടങ്ങൾ അപ്രത്യക്ഷമാകും. ഒപ്പം നഗരത്തിന്റെ നിലവാരം ഉയരും. ബിസിനസ് ആഗ്രഹിക്കുന്നവർക്ക് മെച്ചപ്പെട്ട തെരുവുകളുണ്ടാകും. ഡ്രെയിനേജ്, ഇന്റർനെറ്റ്, ജീവിത നിലവാരങ്ങളും ഉയരും. വിഷൻ 2030യുടെ ഭാഗമായുള്ള പുത്തൻ നഗര പദ്ധതി പുതിയ തെരുവുകളാണ് രാജ്യത്തിന് സമ്മാനിക്കുക.