ഫിഫ ലോകകപ്പ്: സൗദിയിലെ ഖിദ്ദിയ്യ സ്റ്റേഡിയ നിർമാണത്തിന് 400 കോടി റിയാലിന്റെ കരാർ നൽകി
|2029ൽ നിർമാണം പൂർത്തിയാക്കും
റിയാദ്: സൗദി അറേബ്യയിലെ ഫിഫ ലോകകപ്പിനായുള്ള ഖിദ്ദിയ്യ സ്റ്റേഡിയത്തിന്റെ നിർമാണത്തിന് കരാർ നൽകി. സൗദി, സ്പാനിഷ് കമ്പനികളുടെ കൺസോർഷ്യത്തിന് 400 കോടി റിയാലിന്റെ കരാറാണ് നൽകിയത്. 2029 ൽ പൂർത്തിയാകുന്ന സ്റ്റേഡിയത്തിൽ 48,000 പേർക്ക് മത്സരം കാണാനാകും.
ലോകത്തെ ഏറ്റവും വലിയ വിനോദ നഗരമാണ് ഖിദ്ദിയ്യ. റിയാദ് നഗരത്തിൽ നിന്ന് മക്ക റോഡിൽ 40 കിമീ അകലെ തുവൈഖ് മലനിരകളിലാണ് ഇതിന്റെ നിർമാണം പൂർത്തിയാവുന്നത്. ഇതിനകത്താണ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം സ്ഥാപിക്കുക. സൗദിയിലെ നസ്മ ആന്റ് പാർട്ണേഴ്സ് കോൺട്രാക്ടിങ് കമ്പനിയും സ്പെയിനിലെ എഫ്സിസി കൺസ്ട്രക്ഷൻ കമ്പനിയും ചേർന്ന കൺസോർഷ്യത്തിന് 400 കോടി റിയാൽ അഥവാ 93,306 കോടി രൂപക്കാണ് കരാർ. ലോകത്തിലെ അത്യാധുനിക സ്റ്റേഡിയങ്ങളിലൊന്നായി ഇത് മാറും. യുഎസ് ആർകിടെക്ച്വറൽ ഡിസൈൻ കമ്പനിയായ പോപുലസിനാണ് കൺസൾട്ടിങ് കരാർ.
ഫുട്ബോളിന് പുറമെ വിവിധ മത്സരങ്ങൾക്കും സ്റ്റേഡിയം ഉപയോഗിക്കാനാകും. 48,000ത്തോളം സീറ്റുകൾ സ്റ്റേഡിയത്തിലുണ്ടാകും. 2034 ഫിഫ ലോകകപ്പിലെ റൗണ്ട് 16, റൗണ്ട് 32 മത്സരങ്ങളും മൂന്ന് പ്ലേഓഫ് മത്സരങ്ങളും ഈ സ്റ്റേഡിയത്തിലാകും. 2029ലാണ് നിർമാണം പൂർത്തിയാക്കുക. റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം എന്നീ നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങൾ. ഇതിനായി ഖിദ്ദിയ്യയിൽ ഉൾപ്പെടെ 11 സ്റ്റേഡിയങ്ങളാണ് പുതുതായി സൗദി ഒരുക്കുന്നത്.