Saudi Arabia
സൗദിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു;   ഇന്ന് 932 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു
Saudi Arabia

സൗദിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് 932 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു

Web Desk
|
10 Jun 2022 6:22 PM GMT

സൗദിയില്‍ കോവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍, മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് വീണ്ടും രോഗനിരക്ക് ഉയരാന്‍ ഇടയാക്കിയതെന്ന് സൗദി ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇന്ന് ആയിരത്തിനടുത്ത് പുതിയ കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിലെ വീഴ്ചയാണ് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോക്ദാന്‍ പറഞ്ഞു. നേരത്തെ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അലസതയും അലംഭാവവും പ്രകടമായി.

ആവര്‍ത്തിച്ച് കോവിഡ് ബാധിക്കുന്നതിലൂടെ രോഗം നിസ്സാരമായിരിക്കുമെന്ന് പലരും ധരിച്ചതാണ് ഇതിന് കാരണമെന്നും ഡോക്ടര്‍ വിശദീകരിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ ആശ്വാസകരമാണ്. യാതൊരു ആശങ്കയ്ക്കും ഇടയില്ല. രോഗവര്‍ധനവ് ആരോഗ്യ മേഖലയെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിയുന്നവര്‍ വാക്സിന്‍ സ്വീകരിക്കാത്തവരോ ഡോസുകള്‍ പൂര്‍ത്തിയാക്കാത്തവരോ ആണെന്നും ഡോ. ഹാനി പറഞ്ഞു. രാജ്യത്ത് ഇന്ന് 932 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. റിയാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ 328. 659 പേര്‍ക്ക് രോഗമുക്തിയും രണ്ട് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ക്ക് കൂടി രോഗം മൂര്‍ഛിച്ചതോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 99 ആയി ഉയര്‍ന്നു.

Similar Posts