സൈബർ സുരക്ഷ; പ്രത്യേക പദ്ധതിക്ക് തുടക്കമിട്ട് സൗദി
|ദേശീയ സൈബർ സുരക്ഷാ അതോറിറ്റയാണ് പദ്ധതി നടപ്പിലാക്കുന്നത്
ദമ്മാം: സൗദിയിൽ സൈബർ സുരക്ഷാ മേഖലയുടെ വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. സൈബർ ഐസി എന്ന പേരിൽ ആരംഭിച്ച പദ്ധതിക്ക് കീഴിൽ പതിനായിരത്തോളം സ്വദേശികൾക്ക് സൈബർ സുരക്ഷാ മേഖലയിൽ പ്രത്യേക പരിശീലനം നൽകും. പദ്ധതി വഴി സൈബർ സുരക്ഷാ ഉൽപന്നങ്ങൾ, സേവനങ്ങൾ, പരിഹാര മാർഗങ്ങൾ എന്നിവയും വികസിപ്പിക്കും.
രാജ്യത്തെ സൈബർ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സൈബർ സുരക്ഷാ മേഖലയുടെ വികസനം ലക്ഷ്യമിട്ടുമാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. ദേശീയ സൈബർ സുരക്ഷാ അതോറിറ്റയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ സൈബർ സുരക്ഷാ സ്പെഷ്യലിസ്റ്റുകളുടെ കഴിവുകൾ വികസിപ്പിക്കുക, നവീന സൈബർ സുരക്ഷാ ഉൽപന്നങ്ങൾക്ക് രൂപം നൽകുക, ഈ മേഖലയിലെ സേവനങ്ങൾ വർധിപ്പിക്കുക, പരിഹാരം മാർഗങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പദ്ധതി വഴി പതിനായിരത്തിലധികം സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും ആഭ്യന്തര സൈബർ ഇക്കോസിസ്റ്റം ഉത്തേജിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. സൈബർ ആക്രമണങ്ങളെയും വെല്ലുവിളികളെയും നേരിടാൻ പ്രാപ്തമാക്കുന്നതിനായി യഥാർത്ഥ സൈബർ ആക്രമണങ്ങളെയും സംഭവങ്ങളെയും അനുകരിക്കുന്ന വെർച്വൽ മോക്ഡ്രിലുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.