നീറ്റ്, യുജിസി നെറ്റ് പരീക്ഷ ക്രമക്കേടുകളിൽ നടപടിയാവശ്യപ്പെട്ട് ദമ്മാം നവോദയ
|കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്താനുള്ള സത്വരമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും നവോദയ
ദമ്മാം: നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെയ് മാസത്തിൽ നടത്തിയ നീറ്റ് പരീക്ഷയിയിലും ജൂൺ 18 ന് നടത്തിയ യുജിസി - നെറ്റ് പരീക്ഷയിലും വ്യപകമായ ക്രമക്കേടുകൾ നടന്നതായി സ്ഥിരീകരിച്ച സ്ഥിതിക്ക് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദമ്മാം നവോദയ സാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന പരീക്ഷകളിൽ ഇത്തരത്തിൽ ക്രമക്കേടുകൾ സർവ്വസാധാരണമാവുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ക്രമക്കേടുകൾ നടക്കുന്നത്. മാസങ്ങളും വർഷങ്ങളും കഠിനമായി പ്രയത്നിച്ച് പരീക്ഷയെഴുതുന്ന ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ സമയവും കഠിനാധ്വാനവുമാണ് ക്രമക്കേടുകൾക്ക് കൂട്ട് നിൽക്കുക വഴി നാഷണൽ ടെസ്റ്റിംഗ് ഏജൻസി വിഫലമാക്കിയത്. അർഹരായ നിരവധി വിദ്യാർത്ഥികളാണ് ഇത് കാരണം വഴിയാധാരമാകുന്നത്. വിദ്യാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുന്ന ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷക്കാൻ സർക്കാർ തയ്യറാകണം. കുറ്റമറ്റ രീതിയിൽ പരീക്ഷകൾ നടത്താനുള്ള സത്വരമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും നവോദയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.