Saudi Arabia
Dammam OICC Independence Day
Saudi Arabia

സ്വാതന്ത്ര്യദിനം ആഘോഷമാക്കി ദമ്മാം ഒഐസിസി

Web Desk
|
15 Aug 2023 3:47 PM GMT

ദമ്മാം: ഇന്ത്യയുടെ 77 ാമത് സ്വാതന്ത്ര്യ ദിനം ഒഐസിസി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ പതാകയുയർത്തിയും മധുരം വിളമ്പിയും പ്രവാസികളായ കോൺഗ്രസ്സ് പ്രവർത്തകർ ആഘോഷിച്ചു.

നാട്ടിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയെ അനുസ്മരിപ്പിക്കുന്ന വിധം ദമ്മാമിൽ രാവിലെ ഒഐസിസി സംഘടിപ്പിച്ച ദേശീയ പതാകയുയർത്തലിൽ തങ്ങളുടെ ജോലി സമയം ക്രമീകരിച്ച് നിരവധിപേർ പങ്കെടുത്തു.

ബ്രിട്ടീഷ് അധിനിവേഷത്തോട് സന്ധിയില്ലാതെ സഹന സമരം ചെയ്ത് ധീരദേശാഭിമാനികൾ നേടിത്തന്ന സ്വാതന്ത്ര്യം, ഇന്ന് രാജ്യം ഭരിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് കടുത്ത ഭീഷണി നേരിടുകയാണ്. വർഗ്ഗീയ സംഘർഷങ്ങളിലൂടെ രാജ്യത്തെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നവർക്കൊപ്പം ഭരണകൂടം നിലകൊള്ളുന്നത് നാളിതുവരെയുള്ള സ്വതന്ത്ര ഇന്ത്യക്ക്‌ തീരാ കളങ്കമാണ് വരുത്തിയിരിക്കുന്നതെന്നും ദേശീയ പതാക ഉയർത്തിയതിന് ശേഷം നൽകിയ സ്വാതന്ത്ര്യദിന സന്ദേശത്തിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട്‌ ബിജു കല്ലുമല പറഞ്ഞു.

മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും ഡോ. ബിആർ അംബേദ്‌കറുമടക്കമുള്ള ദേശസ്നേഹികൾ വിഭാവനം ചെയ്ത ഇന്ത്യയെ തിരിച്ച് പിടിക്കുവാൻ ജനാധിപത്യ മതേതര ചേരിക്ക് നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ബിജു കല്ലുമല സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

ജനറൽ സെക്രട്ടറി ഇകെ സലിം, ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി, നിഹാൽ മുഹമ്മദ്,‌ രമേശ്‌ പാലക്കാട്, സിറാജ് പുറക്കാട്, ഷംസു കൊല്ലം, പികെ അബ്ദുൽ ഖരീം, തോമസ് തൈപ്പറമ്പിൽ, നൗഷാദ് തഴവ, ഡെന്നിസ് മണിമല, നിസാർ മാന്നാർ, ഗഫൂർ വടകര, പ്രമോദ് പൂപ്പാല, സി ടി ശശി, താജു അയ്യാരിൽ, അസീസ് കുറ്റ്യാടി, അബ്ദുൽ നാസർ വയനാട് തുടങ്ങിയവർ ദമ്മാമിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംബന്ധിച്ചു.

Similar Posts