Saudi Arabia
Dammam Pravasi Welfare Art Festival concludes
Saudi Arabia

ദമ്മാം പ്രവാസി വെൽഫയർ കലാമാമാങ്കത്തിന് വർണ്ണാഭമായ സമാപനം

Web Desk
|
7 Oct 2024 6:06 AM GMT

പതിനാല് മത്സര ഇനങ്ങൾ, മുന്നൂറോളം പ്രതിഭകൾ

ദമ്മാം: യുവജനോത്സവത്തിന്റെ ഗൃഹാതുര സ്മരണകൾ തീർത്ത് കലയുടെ വൈവിധ്യമായ ആവിഷ്‌കാരങ്ങൾ പ്രവാസ മണ്ണിന് സമർപ്പിച്ച പ്രവാസി വെൽഫയർ കലോത്സവം 24ന് ദമ്മാമിൽ വർണ്ണപ്പകിട്ടോടെ സമാപിച്ചു. പ്രവാസി വെൽഫെയർ ദമ്മാം തൃശൂർ, എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കലോത്സവത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമടങ്ങുന്ന മുന്നൂറോളം പ്രതിഭകൾ പങ്കെടുത്തു.

ദമ്മാം സൈഹാത്തിൽ മനോഹരമായി അണിയിച്ചൊരുക്കിയ മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. സമാപന മത്സരങ്ങൾ വീക്ഷിക്കാൻ രക്ഷിതാക്കളും കുടുംബങ്ങളുമടക്കം നൂറുകണക്കിനുപേർ സന്നിഹിതരായി.

കോൽക്കളി, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, കവിത, പ്രസംഗം, ലളിതഗാനം, സംഘഗാനം, ഒപ്പന, പ്രച്ഛന്നവേഷം, പെൻസിൽ ഡ്രോയിങ്, കഥ രചന, കവിത രചന, കാർട്ടൂൺ രചന തുടങ്ങി പതിനാലിന മത്സരങ്ങൾക്ക് വേദികൾ സാക്ഷിയായി.

മത്സരങ്ങളുടെ ആധിക്യം പരിഗണിച്ച് രണ്ട് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. പ്രവിശ്യയിലെ കലാ, സാംസകാരിക രംഗത്തെ വ്യക്തികൾ വിധികർത്താക്കളായി. കുട്ടികൾ അവതരിപ്പിച്ച വ്യക്തിഗത മത്സരങ്ങൾ മികച്ച നിലവാരം പുലർത്തി. ലളിതഗാനം, മാപ്പിളപ്പാട്ട് തുടങ്ങിയ മത്സരങ്ങളിൽ വിജയികളെ നിർണയിക്കൽ വെല്ലുവിളിയായിരുന്നെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പ്രധാന വേദിയിൽ നടന്ന ഒപ്പന, സംഘനൃത്തം, മോണോ ആക്ട്, പ്രച്ഛന്ന വേശം തുടങ്ങിയവ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ ആസ്വദിച്ചത്. മത്സര വിജയികൾക്കും വിധികർത്താക്കൾക്കും പരിപാടിയുടെ പ്രായോജകർക്കും കലോത്സവവുമായി സഹകരിച്ച പ്രവിശ്യയിലെ വ്ളോഗേഴ്സിനും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മെമന്റോയും കൈമാറി. പ്രവാസി വെൽഫെയർ പ്രവിശ്യാ കമ്മിറ്റി, റീജിയണൽ കമ്മിറ്റി, ജില്ലാ കമ്മിറ്റി നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

കലോത്സവ നഗരിയിൽ ഒരുക്കിയ ആറോളം ഫുഡ് കോർട്ടുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ നിരവധി പേർ പ്രയോജനപ്പെടുത്തി. സമാപനത്തോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ നബീൽ കല്ലായി വിജയിയായി.

സമാപന ചടങ്ങിൽ എറണാകുളം-തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സമീയുള്ള കൊടുങ്ങല്ലൂർ അധ്യക്ഷതവഹിച്ചു. പ്രവിശ്യാ കമ്മിറ്റി പ്രസിഡണ്ട് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം, ദമ്മാം റീജിയണൽ പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട്, ഖോബർ റീജിയണൽ പ്രസിഡന്റ് സാബിഖ് കോഴിക്കോട്, ജുബൈൽ റീജിയണൽ പ്രസിഡന്റ് ശിഹാബ് ജുബൈൽ, കലോത്സവ ജനറൽ കൺവീനർ ബിനാൻ ബഷീർ, മെഹബൂബ്, ഷൗക്കത്ത് അലി, നബീൽ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് ഫയാസ്, മുഹമ്മദ് യാസിർ, അയ്യൂബ്, അർഷദ് അലി, അൽബറ ബന്ദറ അബൂസലാമ, അനീഷ്, റഷീദ് ഉമർ എന്നിവർ സന്നിഹിതരായി.

കലോത്സവത്തിന്റെ വിവിധ വകുപ്പ് കൺവീനർമാരായി ഷെരീഫ് കൊച്ചി, ഉബൈദ്, സുബൈർ പുല്ലാളൂർ, ജമാൽ പയ്യന്നൂർ, ബിജു പൂതക്കുളം, മെഹബൂബ്, ജോഷി ബാഷ, നിസാർ വാണിയമ്പലം, ഷജീർ തുനേരി, നാസർ വെള്ളിയത്, ഷക്കീർ ബിലാവിനകത്ത്, സിദ്ദീഖ് ആലുവ, ഫാത്തിമ ഹാഷിം, സിനി അബ്ദുൽ റഹീം, നജ്‌ല സാദത്, അനീസ മെഹബൂബ്, നവാഫ് അബൂബക്കർ, ജമാൽ കൊടിയത്തൂർ, താഹിർ, ഫൈസൽ കുറ്റ്യാടി, സലാം ജാംജൂം, സാദത്ത്, ഷെമീർ പത്തനാപുരം, അബ്ദുല്ല സൈഫുദ്ദീൻ, ജംഷാദ് കണ്ണൂർ, ആഷിഫ് കൊല്ലം, ഐമൻ സഈദ്, അഷ്‌കർ ഗനി തുടങ്ങിയർ നതൃത്വം നൽകി. ഫൗസിയ അനീസ്, അബ്ദുൽ കരീം എന്നിവർ അവതാരകരായി.

Similar Posts