ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡിസ്പാക്ക് ആദരിക്കുന്നു
|പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നിന്ന് 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ആദരം സംഘടിപ്പിക്കുന്നത്
ദമ്മാം: സി.ബി.എസ്.ഇ ബോർഡ് പരീക്ഷയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പാരന്റ്സ് അസോസിയേഷൻ കേരള (ഡിസ്പാക്ക്) അനുമോദിക്കുന്നു. ജൂൺ ഒന്നിന് ദമ്മാമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വിദ്യഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ നിന്ന് 90 ശതമാനത്തിലേറെ മാർക്ക് നേടിയ വിദ്യാർഥികൾക്കാണ് ആദരം സംഘടിപ്പിക്കുന്നത്.
സ്‌കൂളിൽ ഓൺലൈൻ പഠനം തുടരുന്നതിനെതിരെ രക്ഷിതാക്കൾക്കുള്ള പ്രയാസങ്ങൾ ഇന്ത്യൻ എംബസിയെ ധരിപ്പിക്കാൻ ശ്രമം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. സ്‌കൂളിലെ എയർകണ്ടീഷനുകളുടെ പ്രവർത്തനക്ഷമതയുമായി ബന്ധപ്പെട്ട പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അവ ശാശ്വതമായി പരിഹരിക്കുക എന്നതാണ് രക്ഷിതാക്കളുടെ ആവശ്യം. വേനവവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇതിന് ശാശ്വത പരിഹാരം കാണണമെന്നും ഡിസ്പാക്ക് ഭാരവാഹികൾ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകൾ മുൻനിർത്തി കരിയർ എക്സിബിഷൻ സംഘടിപ്പിക്കാൻ പദ്ധതിയുള്ളതായും സംഘാടകർ പറഞ്ഞു. ഭാരവാഹികളായ നജീം ബഷീർ, താജു അയ്യാരിൽ, ആസിഫ് താനൂർ, അസ്‌ലം ഫറോക്ക്, തോമസ് തൈപ്പറമ്പിൽ, ആഷിഫ്, അനസ് തമ്പി, ഇർഷാദ് കളനാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.