കണ്ണൂർ വിമാനത്താവളം; ഉത്തരമലബാറിന്റെ ചിറകരിയുന്നതിനെ തടയും
|കണ്ണൂർ എയർപോർട്ടിനോടുള്ള അവഗണനയ്‌ക്കെതിരെയും സൗദിയിലെ പ്രവാസികൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന യാത്രാ വൈഷമ്യങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകാൻ പ്രവാസി വെൽഫെയർ കണ്ണൂർ-കാസർഗോഡ് അഖില സൗദി കോർഡിനേഷൻ യോഗം തീരുമാനിച്ചു.
രാഷ്ട്രീയ താത്പര്യങ്ങളും നിക്ഷിപ്ത താത്പര്യങ്ങളും ഒന്ന് ചേർന്ന് വലിയ സാധ്യതകളുള്ള കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയുടെ വഴികളെ തടസ്സപ്പെടുത്തുകയാണെന്ന് യോഗം വിലയിരുത്തി. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുഖ്യപങ്കുവഹിക്കുന്ന പ്രവാസികളെ ഒരു തരത്തിലും പരിഗണിക്കാതെ, പ്രായോഗിക നടപടികൾ എടുക്കാതെ വിഢികളാക്കുന്ന ഭരണകൂടത്തിനും സമ്മർദ്ദം ചെലുത്താത്ത രാഷ്ട്രീയ നേതൃത്വത്തിനും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ ശ്രദ്ധ ക്ഷണിക്കാനും, പ്രതിഷേധത്തെ ഊർജ്ജിതപ്പെടുത്താനും പരിഹാരത്തിനു സമ്മർദ്ദം ചെലുത്താനും വിവിധ തലത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ യോഗം തീരുമാനിച്ചു.
സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും പ്രവാസി വെൽഫെയർ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ സിറാജ് തലശ്ശേരി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ, കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് മജീദ് നരിക്കോടൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അഡ്വ. നവീൻ കുമാർ, ബഷീർ സി.എച്ച്, അഷ്റഫ് പാപ്പിനിശ്ശേരി, സലിം മാഹി, അബ്ദുൽ കരീം, ഷമീർ തണ്ടാരിയത്ത്, റിഫാസ് പഴയങ്ങാടി, ബിനാൻ ബഷീർ, ജമാൽ പയ്യന്നൂർ, ഷബീർ ചാത്തമംഗലം എന്നിവർ സംസാരിച്ചു. ഖലീലുൽ റഹ്മാൻ അന്നടുക്ക സ്വാഗതവും ഷക്കീർ ബിലാവിനകത്ത് നന്ദിയും പറഞ്ഞു.