വൈകിപ്പറക്കലും, റദ്ദാക്കലും: വിമാനക്കമ്പനികളിൽ നിന്ന് 45 ലക്ഷം റിയാൽ പിഴ ഈടാക്കി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
|ഈ വർഷം എപ്രിൽ മെയ് ജൂൺ മാസങ്ങളിലെ കണക്കാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്ത് വിട്ടത്
റിയാദ്: സൗദിയിൽ യാത്രക്കാരുടെ അവകാശങ്ങൾ നൽകാതിരുന്നതിന് വിവിധ എയർലൈൻ കമ്പനികൾക്ക് പിഴ ഈടാക്കി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടേതാണ് നടപടി. വിമാനം വൈകൽ, റദ്ദാക്കൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിലായി നാൽപത്തിയഞ്ച് ലക്ഷം റിയാലാണ് പിഴ ഈടാക്കിയത്.
ഈ വർഷം എപ്രിൽ മെയ് ജൂൺ മാസങ്ങളിലെ കണക്കാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്ത് വിട്ടത്. 111 പരാതികളാണ് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ഈ കാലയളവിൽ വന്നത്. വിമാനം വൈകൽ, റദ്ദാക്കൽ, ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ വിവിധ കേസുകളിലാണ് പിഴ ഈടാക്കിയത്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശം ലംഘിച്ച കേസിൽ നേരിട്ട് പിഴ ഈടാക്കുന്ന സ്ഥിതിയുമുണ്ടായി. ആകെ നാൽപത്തിയഞ്ച് ലക്ഷം റിയാലാണ് മൂന്ന് മാസത്തിനിടെ ഈടാക്കിയത്. ഇതിൽ ഭൂരിഭാഗവും യാത്രക്കാരുടെ പരാതിയിലാണ്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസില്ലാതെ ഡ്രോൺ ഉപയോഗിച്ച രണ്ട് പേർക്കെതിരെയും നടപടിയെടുത്തു.