ഇരുചക്ര വാഹനത്തിലെ ഡെലിവറി ജോലികൾ സൗദിവൽക്കരിക്കുന്നു
|നിരവധി വിദേശികൾക്ക് ജോലി നഷ്ടമാകും
സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലി സൗദി പൗരന്മാർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനം. ജൂലൈ മുതൽ നടപ്പാക്കി തുടങ്ങും. വിദേശികൾ സ്വന്തം നിലക്ക് ഈ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.
കൂടാതെ ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികളിലെ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കുകയും ചെയ്തു. കമ്പനികൾ തങ്ങളുടെ ഡ്രൈവർമാരുടെ ഫേസ് വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.
ഇതിനായി ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി കമ്പനികളെ പ്രത്യേക സിസ്റ്റം വഴി ബന്ധിപ്പിച്ചിട്ടുണ്ട്. 14 മാസത്തിനുള്ളിൽ പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം.
പദ്ധതി പൂർണമായും നടപ്പാക്കുന്നതോടെ നിരവധി വിദേശികൾക്ക് ഈ മേഖലയിൽ ജോലി നഷ്ടമാകും. ഡെലിവറി മേഖലയെ നിയന്ത്രിക്കാനും ഡ്രൈവർമാരുടെയും സേവനങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കാനും വേണ്ടിയാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.
മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.